വാഷിങ്ടണ്‍: ഉഷ്ണതരംഗവും വെള്ളപ്പൊക്കവും അടക്കമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ പ്രായമായവരേക്കാള്‍ കൂടുതല്‍ അനുഭവിക്കേണ്ടി വരിക പുതിയ തലമുറയെന്ന് പഠനം. 60 കൊല്ലം മുമ്പ് (1960) ജനിച്ചവരെ അപേക്ഷിച്ച് 2020-ല്‍ ജനിച്ച കുഞ്ഞുങ്ങള്‍ ശരാശരി മൂന്നിരട്ടിയോളം പ്രകൃതിദുരന്തങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
വെള്ളപ്പൊക്കം, കാട്ടുതീ, വരള്‍ച്ച, ഉഷ്ണതരംഗം തുടങ്ങിയ ദുരന്തങ്ങളാണ് കുട്ടികള്‍ കൂടുതല്‍ നേരിടേണ്ടി വരിക. ബ്രസല്‍സിലെ വ്രിജെ സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ വിം തിയറിയും സഹപ്രവര്‍ത്തകരും സയന്‍സ് ജേണലിലെഴുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഒക്ടോബര്‍ അവസാനം സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ യു.എന്‍. കാലാവസ്ഥാ ഉച്ചകോടി നടക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ആഗോള താപനത്തിനു കാരണമാകുന്ന കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുമെന്ന രാജ്യങ്ങളുടെ പ്രതിജ്ഞ നിറവേറ്റുകയും ആഗോള താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് ആയി നിലനിര്‍ത്തുകയും ചെയ്താല്‍ ചൂടു കൂടുന്നതു പകുതിയായി കുറയുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
1960 കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 2020-ല്‍ ജനിച്ച കുട്ടികള്‍ നേരിടേണ്ടിവരുന്നത് ഏഴുമടങ്ങ് അധികം ഉഷ്ണതരംഗമാണ്. കാട്ടുതീ-രണ്ടുമടങ്ങ്, വെള്ളപ്പൊക്കം-2.8 മടങ്ങ്, വരള്‍ച്ച-2.6 മടങ്ങ്, കൃഷിനാശം- മൂന്നുമടങ്ങ് എന്നിങ്ങനെ ആ പട്ടിക നീളുന്നു. പ്രകൃതിദുരന്തങ്ങളുടെ എണ്ണത്തിനൊപ്പം കാഠിന്യവും വര്‍ധിക്കും.
പശ്ചിമേഷ്യയില്‍ 2020-ല്‍ ജനിച്ച കുട്ടികള്‍ നേരിടേണ്ടി വരിക പത്തുമടങ്ങ് അധികം ഉഷ്ണതരംഗമാണ്. പഴയ തലമുറ ജീവിതത്തില്‍ ശരാശരി നാല് ഉഷ്ണതരംഗങ്ങളാണ് നേരിട്ടതെങ്കില്‍ പുതുതലമുറയ്ക്ക് 30 എണ്ണം അനുഭവിക്കേണ്ടിവരും.
2100 ആകുമ്പോഴേക്കും ആഗോളതാപനില 2.4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് ഗവേഷകരുടെ അനുമാനം. കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിച്ചാല്‍ അത് 1.5-ല്‍ പിടിച്ചുനിര്‍ത്താം.