സ്‌റ്റോക്ക്‌ഹോം: മുഹമ്മദ് നബിയുടെ വിവാദ രേഖാചിത്രം വരച്ചതിലൂടെ ഇസ്ലാമിക തീവ്രവാദികളുടെ നോട്ടപ്പുള്ളിയായിരുന്ന സ്വീഡിഷ് കലാകാരന്‍ ലാര്‍സ് വില്‍ക്‌സ് വാഹനാപകടത്തില്‍ മരിച്ചു. 2007 ല്‍ ഉണ്ടായ വധഭീഷണിയെ തുടര്‍ന്ന് വില്‍ക്‌സ് പോലീസ് സംരക്ഷണത്തിലാണ് ജീവിച്ചിരുന്നത്. വില്‍ക്‌സിന്റെ തലയ്ക്ക് അല്‍-ക്വയ്ദ ലക്ഷം ഡോളര്‍ വില പ്രഖ്യാപിച്ചിരുന്നു.
ലാര്‍സ് വില്‍ക്‌സ് സഞ്ചരിച്ചിരുന്ന കാറും ട്രക്കുമായി കൂട്ടിയിടിച്ചാണ് ദുരന്തമുണ്ടായത്.75 കാരനായ അദ്ദേഹത്തോടൊപ്പം കാറിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. തെക്കന്‍ സ്വീഡനിലെ മാര്‍ക്കറിഡ് പട്ടണത്തിന് സമീപം ഹൈവേയിലാണ് അപകടം നടന്നത്.
ട്രക്ക് ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണ സാധ്യത അധികൃതര്‍ തള്ളിക്കളഞ്ഞു. എന്നാല്‍ അപകടത്തിന്റെ കാരണം 'എല്ലാ റോഡ് ട്രാഫിക് അപകടങ്ങളും പോലെ' അന്വേഷണത്തിലാണെന്ന് റീജിയണല്‍ പോലീസ് മേധാവി കരീന പെര്‍സണ്‍ പറഞ്ഞു.
2010 ല്‍ തെക്കന്‍ സ്വീഡനിലെ ലാര്‍സ് വില്‍ക്‌സിന്റെ വീട് രണ്ട് പേര്‍ ചേര്‍ന്ന കത്തിക്കാന്‍ ശ്രമിച്ചു. 2020 ല്‍, യുഎസിലെ പെന്‍സില്‍വാനിയയില്‍ നിന്നുള്ള ഒരു സ്ത്രീ അദ്ദേഹത്തെ കൊല്ലാനുള്ള ഗൂഢാലോചനയ്ക്കിടെ പോലീസിന്റെ വലയിലായി കുറ്റം സമ്മതിച്ചിരുന്നു.