ചൈനയുടെ യുദ്ധഭീഷണി നേരിടാന്‍ ഓസ്‌ട്രേലിയയുടെ സഹായം തേടി തായ്‌വാന്‍

ചൈനയുടെ യുദ്ധഭീഷണി നേരിടാന്‍ ഓസ്‌ട്രേലിയയുടെ സഹായം തേടി തായ്‌വാന്‍

ബാങ്കോക്ക്: ചൈനയുടെ യുദ്ധഭീഷണി നേരിടാന്‍ ഓസ്‌ട്രേലിയയുടെ സഹായം തേടി തായ്‌വാന്‍. പ്രകോപനപരമായ നടപടികള്‍ തുടര്‍ന്നാല്‍ യുദ്ധസമാന സാഹചര്യത്തിലേക്ക് നീങ്ങേണ്ടിവരുമെന്ന് തായ്‌വാന്‍ വിദേശ കാര്യമന്ത്രി ചൈനയ്ക്ക് കടുത്ത മുന്നറിയിപ്പ് നല്‍കി. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ നിരവധി യുദ്ധവിമാനങ്ങള്‍ തുടര്‍ച്ചയായി തായ്‌വാന്റെ വ്യോമമേഖലയിലേക്ക് കടന്നുകയറി പ്രകോപനം സൃഷ്ടിക്കുന്നതാണ് താക്കീതിന് കാരണം. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതല്‍ വഷളായതോടെയാണ് തുടര്‍നീക്കങ്ങള്‍ക്ക് തായ്‌വാന്‍, ഓസ്‌ട്രേലയയുടെ സഹായം തേടിയത്. സുരക്ഷ വര്‍ധിപ്പിക്കുന്നതിലും വിവര കൈമാറ്റത്തിലുമടക്കമുള്ള പരസ്പര സഹകരണമാണ് നിലവിലെ സാഹചര്യത്തില്‍ തായ്‌വാന്‍ തേടുന്നത്.

ചൈന ഏതെങ്കിലും വിധത്തിലുളള ആക്രമണത്തിന് മുതര്‍ന്നാല്‍ തക്കതായ തിരിച്ചടി രാജ്യം നല്‍കുമെന്ന് തായ്‌വാന്‍ വിദേശകാര്യമന്ത്രി ജോസഫ് വൂ അറിയിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ രാജ്യം സജ്ജമാണ്. അവരുടെ പ്രവര്‍ത്തിക്ക് തക്കതായ തിരിച്ചടി നല്‍കിയിരിക്കുമെന്നും എബിസി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ ചൈനയോട് ഇടഞ്ഞുനില്‍ക്കുന്ന രാജ്യങ്ങള്‍ പിന്തുണയ്ക്കുമെന്നാണ് തായ്‌വാന്‍ കണക്കുകൂട്ടുന്നത്. ചൈന-ഓസ്‌ട്രേലിയ ബന്ധം ഏറെക്കാലമായി വിളളല്‍ വീണ നിലയിലാണ്. പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ നേരത്തെ ചൈനയ്‌ക്കെതിരെ പരസ്യമായ നിലപാട് സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനാ വിഷയത്തില്‍ പരസ്പര സഹകരണത്തിന്റെ സാധ്യതകള്‍ തായ്‌വാന്‍ തേടുന്നത്. സമാനമനസ്‌കരായ മറ്റു രാജ്യങ്ങളും പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ.

ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും യുദ്ധസമാന സാഹചര്യത്തിലേക്ക് പോകരുതെന്നാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നിലപാട്. ചൈനയുമായി ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരമുണ്ടാക്കണം. യുദ്ധം ഒന്നിനും പരിഹാരമല്ല എന്നാണ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാരിന്റെ നിലപാട്. കഴിഞ്ഞ മാസം നടന്ന AUSMIN ഉച്ചകോടിയില്‍ തായ്‌വാനുമായുളള ബന്ധം ശക്തമാക്കാന്‍ ഓസ്‌ട്രേലിയയും യു.എസും ധാരണയില്‍ എത്തിയിരുന്നു. ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ് ട്രേഡ്  ഉടമ്പടിയില്‍ ചേരാനുള്ള ഓസ്‌ട്രേലിയയുടെ തീരുമാനത്തെയും തായ് വാന്‍ സ്വാഗതം ചെയ്തു.

തായ്‌വാനെ വിരട്ടുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസങ്ങളില്‍ ചൈനയില്‍ നിന്ന് പറന്നത് 77 യുദ്ധവിമാനങ്ങളാണ്. വെള്ളി, ശനി ദിവസങ്ങളിലായാണ് തായ്‌വാനു മുകളില്‍ ചൈനീസ് വ്യോമസേന ഇത്രയും യുദ്ധവിമാനങ്ങള്‍ പറത്തിയത്. തായ്‌വാന്‍ ഒരു സ്വതന്ത്ര രാജ്യമല്ലെന്നും തങ്ങളുടെ ഭൂവിഭാഗമാണെന്നും ഉറപ്പിക്കാനാണ് ചൈനയുടെ ശ്രമം. അതേസമയം, ചൈനയുടെ പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് തായ്‌വാന്‍ ഉയര്‍ത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.