തായ്‌വാനു നേരേയുള്ള ചൈനയുടെ പ്രകോപനത്തിനെതിരേ അമേരിക്ക

തായ്‌വാനു നേരേയുള്ള ചൈനയുടെ പ്രകോപനത്തിനെതിരേ  അമേരിക്ക

വാഷിംഗ്ടണ്‍: തായ്‌വാനെതിരേയുള്ള ചൈനയുടെ പ്രകോപനം വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് അമേരിക്ക. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കിയാണ് ഔദ്യോഗികമായ പ്രസ്താവനയിലൂടെ തായ്‌വാന് അമേരിക്കയുടെ പിന്തുണ പ്രഖ്യാപിച്ചത്.

'തായ്‌വാന് മേലുള്ള ചൈനയുടെ പ്രകോപനപരമായ നീക്കങ്ങളില്‍ അമേരിക്ക ആശങ്ക രേഖപ്പെടുത്തുകയാണ്. തായ്‌വാനെന്ന രാജ്യത്തിന്റെ അഖണ്ഡതയ്ക്കുമേലുള്ള കടന്നുകയറ്റമാണ് നടക്കുന്നത്. മേഖലയിലെ സമാധാനം തകര്‍ക്കുന്ന തരത്തിലേക്കാണ് ചൈനയുടെ നീക്കം'-ജെന്‍സാക്കി പറഞ്ഞു.

തായ്‌വാന്‍ ലോകരാജ്യങ്ങള്‍ അംഗീകരിച്ചിരിക്കുന്ന ഒരു രാജ്യമാണെന്ന് ചൈന മറക്കരുത്. തായ്‌വാനെതിരായ സൈനിക നടപടികളും സാമ്പത്തിക സമ്മര്‍ദങ്ങളും ചൈന അവസാനിപ്പിക്കണം. തായ്‌വാന്‍ കടലിടുക്കില്‍ സമാധാനം നിലനിര്‍ത്താനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് സ്വയം പ്രതിരോധ ശേഷി കൈവരിക്കുന്നതിന് തായ്‌വാനെ അമേരിക്ക സഹായിക്കുന്നത്. തായ്‌വാനോടുള്ള അമേരിക്കയുടെ പ്രതിബദ്ധത പാറ പോലെ ഉറച്ചതാണ്. തായ്‌വാന്‍ കടലിടുക്കിലും പ്രദേശത്തും സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തുന്നതിന് അമേരിക്ക ശ്രമിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ ഒന്നു മുതല്‍ 145 ചൈനീസ് യുദ്ധവിമാനങ്ങള്‍ തായ്‌വാനിലെ വ്യോമ പ്രതിരോധ മേഖലയിലേക്കു കടന്നുകയറിയിട്ടുണ്ട്. തായ്‌വാന്‍ ദേശീയ ദിനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ സൈനിക കടന്നുകയറ്റങ്ങള്‍. തായ്‌വാനു മേല്‍ ചൈന പ്രകോപനം ശക്തമാക്കിയ സാഹചര്യത്തില്‍ വൈറ്റ് ഹൗസ് നടത്തിയിരിക്കുന്ന പ്രസ്താവന ഏറെ നിര്‍ണായകമെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.