കോവിഡ് പ്രതിരോധത്തില്‍ യുഎഇ നമ്പര്‍ വണ്‍; അബുദാബി ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം

കോവിഡ് പ്രതിരോധത്തില്‍ യുഎഇ നമ്പര്‍ വണ്‍; അബുദാബി  ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം

ദുബായ്: കോവിഡ് പ്രതിസന്ധിയെ വിജയകരമായി തരണം ചെയ്ത് യുഎഇ. ജൂൺ മുതൽ യുഎഇ യിൽ കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞു, 156 പുതിയ കേസുകളാണ് ബുധനാഴ്ച രേഖപെടുത്തിയത്. കഴിഞ്ഞ പതിനെട്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കൊറോണ വൈറസ് നിയന്ത്രണത്തിലാണെന്നും മുമ്പത്തേതിനേക്കാൾ അപകടസാധ്യത കുറഞ്ഞു എന്നതും ഈ കണക്കുകൾ വ്യക്തമാകൂന്നു.സ്‌കൂളുകളും ഓഫീസുകളും ഷോപ്പിംഗ് മാളുകളും പൂര്‍ണനിലയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയോടെ ജനജീവിതം സാധാരണ നിലയിലേക്ക് തിരികെയെത്തുകയാണ്.

ലണ്ടന്‍ ആസ്ഥാനമായുള്ള അനലിറ്റിക്‌സ് കണ്‍സോര്‍ഷ്യം ഡീപ് നോളജ് ഗ്രൂപ്പ്  അബുദാബിയെ കോവിഡ് പ്രതിരോധത്തില്‍ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായാണ് റാങ്ക് ചെയ്തിരിക്കുന്നത്. ആഗോള റാങ്കിംഗില്‍ ദുബായ് അഞ്ചാം സ്ഥാനം നേടി. 

യുഎഇ കോവിഡ് പ്രതിസന്ധി മറികടക്കുകയും സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്യുന്നതിൽ ദൈവത്തിന് നന്ദി രേഖപ്പെടുത്തുന്നുവെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ഭരണാധികാരികളും ജനങ്ങളും ഒരേമനസ്സോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ നേട്ടം. പകർച്ചവ്യാധിയെ നിയന്ത്രണവിധേയമാക്കുന്നതിന് നിലവിൽ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും മെഡിക്കൽ ടീമുകൾക്ക് അദ്ദേഹം നന്ദി പറഞ്ഞതോടൊപ്പം അപകടസാധ്യതകളെ മറികടക്കാൻ സഹായിച്ച ജനങ്ങളുടെ സഹകരണത്തിനും അഭിനന്ദനം അറിയിച്ചു.

കോവിഡ് പ്രതിരോധ വാക്‌സിന്‍ എറ്റവും കൂടുതല്‍ പേര്‍ക്ക് നല്‍കിയ രാജ്യവും യുഎഇ യാണ്. ജനങ്ങളില്‍ ഏകദേശം 95 ശതമാനം പേര്‍ക്കും ആദ്യഡോസ് നല്‍കി. 85 ശതമാനത്തോളം പേര്‍ക്കാണ് രണ്ടു ഡോസ് വാക്‌സിനും നല്‍കിയത് . രാജ്യത്ത് ഇന്നുവരെ നൽകിയിട്ടുള്ള മൊത്തം ഡോസുകളുടെ എണ്ണം 100 പേർക്ക് 205.46 ഡോസ് വാക്സിൻ എന്ന നിരക്കിൽ 20,320,419 ആയി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.