കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജനതാദള്‍ നേതാവ് സലീം മടവൂര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരഗണിക്കുന്നത്.
കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി ജെ പി കൊണ്ടുവന്ന പണമാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് പരാതി നല്‍കിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ലെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.
ഹര്‍ജിയില്‍ ഹൈക്കോടതി നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. മറുപടി നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി വെയ്ക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മൂന്നിന് കൊടകര ദേശീയ പാതയില്‍ വച്ച് കാറില്‍ കൊണ്ടു പോവുകയായിരുന്ന മൂന്നര കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുക്കുകയായിരുന്നു. ഇതില്‍ ഒന്നരക്കോടി രൂപയാണ് ഇതുവരെ അന്വേഷണ സംഘം കണ്ടെടുത്തത്. കേസില്‍ 22 പ്രതികളാണ് ഉള്ളത്.