ന്യൂഡല്‍ഹി :എയര്‍ ഇന്ത്യയുടെ ലണ്ടന്‍-കൊച്ചി വിമാനത്തില്‍ കുഞ്ഞിന് ജന്മം നല്‍കി മലയാളി യുവതി. പത്തനംതിട്ട സ്വദേശിനിയായ മരിയ ഫിലിപ്പ് ആണ് ലണ്ടനില്‍ നിന്ന് പുറപ്പെട്ട ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനത്തില്‍ വച്ച് ആണ്‍കുഞ്ഞിന്റെ അമ്മയായത്. അമ്മയ്ക്കും കുഞ്ഞിനും ഉടനടി വൈദ്യസഹായം ലഭിക്കുന്നതിനായി വിമാനം ജര്‍മ്മനിയിലെ ഫ്രാങ്ക് ഫര്‍ട്ടില്‍ ഇറക്കി.
രാത്രി ഭക്ഷണം കഴിച്ച് വിശ്രമിക്കുകയായിരുന്ന യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ കാബിന്‍ ജീവനക്കാരെ വിവരമറിയിച്ചു. കൊച്ചിലേക്കുള്ള യാത്രക്കാരായിരുന്ന രണ്ട് ഡോക്ടര്‍മാരുടെയും 4 നഴ്സ്മാരുടേയും സഹായം ലഭ്യമായി. വിമാനത്തിലെ ഭക്ഷണങ്ങള്‍ സൂക്ഷിക്കുന്ന ഗാലി പ്രസവമുറിയാക്കി മാറ്റി.
അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഔദ്യോഗിക ട്വിറ്റ്വര്‍ അക്കൗണ്ടിലൂടെ ഫ്ളൈ:ബേബി ഓണ്‍ ബോര്‍ഡ് എന്ന കുറിപ്പുമായി അമ്മയുടേയും കുഞ്ഞിന്റെയും ചിത്രങ്ങളും പങ്കുവെച്ചു.