വത്തിക്കാൻ: പരിശുദ്ധ സിംഹാസനവും യൂറോപ്പും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ചതിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച കത്തിലാണ് ഫ്രാൻസിസ് മാർപാപ്പ യൂറോപ്പിനെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകളും ആശങ്കകളും പങ്കുവെച്ചത്. മനുഷ്യരെ തമ്മിൽ ഭിന്നിപ്പിക്കാതെ പരസ്പരം ഒന്നിപ്പിക്കുന്ന തത്വങ്ങളും മൂല്യങ്ങളും രൂപപ്പെടുത്തിയെടുക്കണമെന്ന് യൂറോപ്യൻ യൂണിയനെ പാപ്പ ഓർമ്മപ്പെടുത്തി.
ജനങ്ങളിൽ ആശയങ്ങൾ അടിച്ചേൽപ്പിക്കുകയും അവരുടെ ഇടുങ്ങിയ വീക്ഷണങ്ങളിൽ നിന്നും പുറത്തു കടക്കാനുള്ള ശ്രമങ്ങളെ എതിർക്കുകയും ചെയ്യുന്ന സ്വാർത്ഥ ചിന്തകൾ ഉപേക്ഷിക്കപ്പെടണം. വിശ്വാസികൾക്ക് പൊതുജനമധ്യത്തിലും തങ്ങളുടെ വിശ്വാസം പ്രഘോഷിക്കാനും സമൂഹത്തിൽ തങ്ങളുടേതായ കാഴ്ചപ്പാടുകൾ വ്യക്തമാക്കാനുമുതകുന്ന സ്വാതന്ത്ര്യത്തിലേക്ക് വളരുന്ന ആരോഗ്യകരമായ സെക്കുലറിസം നിലനിൽക്കുന്ന ഒരു യൂറോപ്പിനെയാണ് താൻ വിഭാവനം ചെയ്യുന്നതെന്ന് പാപ്പ പറഞ്ഞു. അവിടെ ദൈവവും സീസറും വ്യതിരിക്തമായി തുടരുമെങ്കിലും എതിർപ്പിന്റെ മനോഭാവങ്ങൾ ശുഭകരമാവില്ലെന്ന് പാപ്പ കൂട്ടിച്ചേർത്തു. ചുറ്റുമുള്ളവർക്കും ദൈവത്തിനും നേരെ വാതിൽ അടച്ചിടുന്ന മതേതരത്വ ചിന്തകൾ തികച്ചും കാലഹരണപ്പെട്ടതാണ്. മാറ്റങ്ങളോടും ഭൗതികാനുഭവ സീമകൾക്ക് അതീതമായി നിൽക്കുന്നതിനോടും തുറവിയില്ലാത്ത സാംസ്കാരിക-രാഷ്ട്രീയ സംവിധാനങ്ങളെല്ലാംതന്നെ മനുഷ്യവ്യക്തിക്ക് അർഹമായ ആദരവ് നൽകാൻ മടികാണിക്കുന്നവയാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
✍️ ജെറിൽ കുരിശിങ്കൽ