അമേരിക്കന്‍ അന്തര്‍വാഹിനി ചൈന കടലില്‍ അജ്ഞാത വസ്തുവുമായി കൂട്ടിയിടിച്ചു; നാവികര്‍ക്കു പരുക്ക്

അമേരിക്കന്‍ അന്തര്‍വാഹിനി ചൈന കടലില്‍ അജ്ഞാത വസ്തുവുമായി കൂട്ടിയിടിച്ചു; നാവികര്‍ക്കു പരുക്ക്

വാഷിങ്ടണ്‍: അമേരിക്കയുടെ ആണവ അന്തര്‍വാഹിനി ദക്ഷിണ ചൈന കടലില്‍ അജ്ഞാത വസ്തുവുമായി കൂട്ടിയിടിച്ച് നിരവധി നാവികര്‍ക്കു പരുക്ക്. അന്തര്‍വാഹിനിക്ക് തകരാര്‍ സംഭവിച്ചതായി യു.എസ് നാവികസേന അറിയിച്ചു. അന്തര്‍വാഹിനിയിലുണ്ടായിരുന്നു പതിനഞ്ചോളം പേര്‍ക്കാണ് പരുക്കേറ്റത്.

യു.എസ്.എസ്. കണക്ടികട്ട് എന്ന അതിവേഗ ആക്രമണ അന്തര്‍വാഹിനിക്കാണ് അപകടം സംഭവിച്ചത്. ഇന്തോ-പസഫിക്ക് മേഖലയിലെ കടലില്‍ ഒക്ടോബര്‍ രണ്ട് ഉച്ചയ്ക്കാണ് അന്തര്‍വാഹിനി അജ്ഞാതവസ്തുവുമായി കൂട്ടിയിടിച്ചത്. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.

തായ്വാനിലെ വ്യോമപ്രതിരോധ മേഖയില്‍ ചൈനീസ് കടന്നുകയറ്റത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് ഈ സംഭവം.

ചൈന അവകാശവാദമുന്നയിക്കുന്ന ദക്ഷിണ ചൈനാ കടലിലാണ് യുഎസ്എസ് കണക്ടികട്ട് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്തര്‍വാഹിനിയുടെ തകരാറിന്റെ വിശദാംശങ്ങളും അപകടത്തിന്റെ കാരണവും പരിശോധിക്കുകയാണെന്ന് യുഎസ് നാവികസേന അറിയിച്ചു. അന്തര്‍വാഹിനിയിലെ ആണവ പ്ലാന്റിനെ അപകടം ബാധിച്ചിട്ടില്ലെന്നും പ്രവര്‍ത്തന സജ്ജമാണെന്നും നാവികസേന വ്യക്തമാക്കി.

അപകടത്തിനു ശേഷം അന്തര്‍വാഹിനി യുഎസ് പ്രദേശമായ ഗുവാമിലേക്കാണ് നീങ്ങുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.