ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യത്യാസം അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്കറിയാമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. വര്‍ഷങ്ങളായി യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനിസ്ഥാന് ഇന്ത്യ നല്‍കിയ രചനാമ്തക സഹായത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയെ ആ രാജ്യം തിരിച്ചറിയുമെന്നും ദൂരദര്‍ശന്‍ ന്യൂസ് കോണ്‍ക്ലേവില്‍ മന്ത്രി വ്യക്തമാക്കി.അതേസമയം, അഫ്ഗാനിസ്ഥാന്റെ കാര്യത്തില്‍ ആത്യന്തിക നിലപാടെടുക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യക്ക് ഏറെ ക്ലേശകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
'ഇന്ത്യ എന്താണ് തങ്ങള്‍ക്ക് വേണ്ടി ചെയ്തത് എന്ന് അഫ്ഗാന്‍ ജനതയ്ക്ക് അറിയാം. ഏത് തരത്തിലുള്ള സുഹൃത്തുക്കളായിരുന്നുവെന്നും അറിയാം. അതേ കാലയളവില്‍ പാകിസ്താന്‍ അവര്‍ക്ക് വേണ്ടി ചെയ്തതില്‍ നിന്ന് അവര്‍ വ്യത്യസ്തരാണെന്ന് എനിക്ക് ഉറപ്പുണ്ട്.'- വിദേശകാര്യ മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ. താലിബാന്‍ സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ ആഴത്തിലുള്ള വ്യാപാര, സാംസ്‌കാരിക, വാണിജ്യ ബന്ധങ്ങള്‍ ഉണ്ടായിരുന്നു. 2019-20 വര്‍ഷത്തില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൊത്തം ഉഭയകക്ഷി വ്യാപാരം 1.5 ബില്യണ്‍ ഡോളറായിരുന്നു.
2017ല്‍ ചബ്ഹാര്‍ തുറമുഖം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഇന്ത്യ സഹായിച്ചിരുന്നു. അതേവര്‍ഷം തന്നെ ഇന്ത്യ - അഫ്ഗാനിസ്ഥാന്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കുകയും ചെയ്തു. അത് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, ശാസ്ത്ര വിദ്യാഭ്യാ, സാങ്കേതിക, സാംസ്‌കാരിക സഹകരണം മെച്ചപ്പെടുത്തുകയും ചെയ്തു-ജയ്ശങ്കര്‍ വ്യക്തമാക്കി.കണക്റ്റിവിറ്റി, വ്യാപാരം, ഉഭയകക്ഷി സഹകരണം, വളര്‍ച്ച എന്നിവ വളര്‍ത്തുന്നതിന് അയല്‍ക്കാരെന്ന നിലയില്‍ ഇന്ത്യയുടെ സഹായം അഫ്ഗാനിസ്ഥാനു ലഭിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എല്ലാവരും അവരുടെ അയല്‍ക്കാരുമായി സൗഹൃദത്തിന് ആഗ്രഹിക്കുന്നു. എന്നാല്‍ ഒരു പരിഷ്‌കൃത ലോകത്തിലുണ്ടാകേണ്ട മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം ആ ബന്ധം. ഭീകരവാദം അതില്‍ വരില്ല,'- പാകിസ്ഥാന്റെ പേരെടുത്ത് പറയാതെ ജയ്ശങ്കര്‍ പറഞ്ഞു. പാകിസ്ഥാന്‍ ഭീകരതയെ ഭരണകൂടത്തിന്റെ ഉപകരണമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.