വാഷിംഗ്ടണ്‍: ദക്ഷിണ ചൈന കടലില്‍ യു.എസ് ആണവ അന്തര്‍വാഹിനി ശക്തിയേറിയ ഏതോ വസ്തുവില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ വലിയ നാശനഷ്ടങ്ങളോ ജീവാപായമോ ഉണ്ടായില്ലെങ്കിലും 15 അമേരിക്കന്‍ നാവികര്‍ക്ക് പരിക്കേറ്റു. അഞ്ച് ദിവസം മുന്‍പു നടന്ന സംഭവത്തില്‍ ദുരൂഹത ഏറുന്നതായാണ് റിപ്പോര്‍ട്ട്. തായ്വാനിലെ വ്യോമ പ്രതിരോധ മേഖലയിലേക്ക് ചൈനീസ് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റത്തെച്ചൊല്ലി യു.എസും ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കവേയാണ് സംഭവം.
സംഭവത്തില്‍ ചൈന ആശങ്ക പ്രകടിപ്പിച്ചു.അതേസമയം, ഈ അപകടത്തോടെ അമേരിക്കയും ബീജിംഗും തമ്മിലുള്ള അഭിപ്രായവ്യത്യാസവും തര്‍ക്കവും രൂക്ഷമായി.അപകടത്തിന്റെ വിശദാംശങ്ങളും അപകടം നടന്ന സ്ഥലം ഏതാണെന്ന കൃത്യമായ വിവരങ്ങളും വാഷിംഗ്ടണ്‍ നല്‍കണമെന്ന് ചൈന ആവശ്യപ്പെട്ടു.
കപ്പലിലെ ആണവ നിലയത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് നേവി സ്ഥിരീകരിച്ചു. ഏതു മേഖലയിലും കയറി വ്യോമ, നാവിക പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള അമേരിക്കയുടെ വാശിയാണ് അപകടത്തിന് കാരണമായതെന്നും ബീജിംഗ് ആരോപിച്ചു.
ചൈന- തായ്വാന്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ തായ് വാന് എല്ലാവിധ പിന്തുണയും അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു. ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിനായാണ് ദക്ഷിണ ചൈനാ കടലില്‍ അമേരിക്കയുടെ അന്തര്‍വാഹിനി നങ്കൂരമിട്ടത്. അന്തര്‍വാഹിനി ഇപ്പോള്‍ ഗുവാമിലെ യു.എസ് പ്രദേശത്തേക്ക് നീങ്ങുകയാണെന്ന് യുഎസ് നേവി വക്താവ് അറിയിച്ചു.
അപകടം നേരിട്ട യു.എസ്.എസ് കണക്റ്റിക്കട്ടിലെ ന്യൂക്ലിയര്‍ പ്രൊപ്പല്‍ഷന്‍ പ്ലാന്റിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല, പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഭവം മൂലം അന്തര്‍വാഹിനിക്കുണ്ടായ നാശനഷ്ടങ്ങള്‍ എത്രയാണെന്ന് വിലയിരുത്തുകയാണ്- യുഎസ് നേവി വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
അമേരിക്കന്‍ അന്തര്‍വാഹിനി ചൈന കടലില്‍ അജ്ഞാത വസ്തുവുമായി കൂട്ടിയിടിച്ചു; നാവികര്‍ക്കു പരുക്ക് - https://cnewslive.com/news/17371/us-submarine-collides-with-unknown-object-in-china-sea-ami