ബീജിംങ്:പ്രളയത്തില്‍ മുങ്ങി ചൈനയിലെ വടക്കന്‍ ഷാന്‍ക്‌സി പ്രവിശ്യ. 1.76 ദശലക്ഷത്തിലധികം ആളുകളാണ് പേമാരിയും കടുത്ത വെള്ളപ്പൊക്കവും മൂലം കൊടും ദുരിതത്തിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ആദ്യം ഹെനാനിലുണ്ടായതിനേക്കാള്‍ രൂക്ഷമാണ് ഷാന്‍ക്‌സി വെള്ളപ്പൊക്കം.
കഴിഞ്ഞയാഴ്ച ആരംഭിച്ച ശക്തമായ മഴ പ്രവിശ്യയിലെ 70 -ലധികം ജില്ലകളിലെ ആയിരക്കണക്കിനു വീടുകള്‍ തകരാന്‍ കാരണമായി. മണ്ണിടിച്ചിലും വ്യാപകമാണ്. അതിശക്തമായ മഴയെത്തുടര്‍ന്ന് ഹെനാന്‍ പ്രവിശ്യയിലും 300 -ലധികം പേര്‍ മരിച്ചു. കനത്ത മഴ തുടരുകയാണ്. കൊടുങ്കാറ്റും രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുവെന്ന് ചൈനയിലെ കാലാവസ്ഥാ വിഭാഗം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
ഷാന്‍ക്‌സി പ്രവിശ്യയിലുടനീളം 17,000 വീടുകള്‍ തകര്‍ന്നു.120,000 ത്തിലധികം ആളുകളെ അടിയന്തിരമായി മാറ്റുകയും പുനരധിവസിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മറ്റ് നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസിന്റെ കണക്കനുസരിച്ച് നാല് പോലീസ് ഉദ്യോഗസ്ഥര്‍ മണ്ണിടിച്ചിലില്‍ മരിച്ചു.
കാലാവസ്ഥാ മാറ്റത്തിന്റെ ഏറ്റവും ദയനീയ ചിത്രമാണ് ഷാന്‍ക്‌സിയിലേത്. 1981 നും 2010 നും ഇടയില്‍ ഒക്ടോബറില്‍ ശരാശരി 25 മില്ലീ മീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചതെങ്കില്‍ ഷാന്‍ക്‌സിയുടെ പ്രവിശ്യ തലസ്ഥാനമായ തയുവാനില്‍ കഴിഞ്ഞയാഴ്ച ശരാശരി 185.6 മില്ലീമീറ്റര്‍ മഴ പെയ്തു.