ലോസ് ആഞ്ചലസ്: ഇന്ത്യന്‍ വംശജനായ ഡോ. സുഗത ദാസ്ഗുപ്ത പറത്തിയിരുന്ന ചെറുവിമാനം കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയ്ക്ക് സമീപം തകര്‍ന്ന് വീണ് ഡോക്ടര്‍ മരിച്ചു. വിമാനം പതിച്ച് തീ പിടിച്ച ഒരു ട്രക്കിന്റെ ഡ്രൈവറും മരണമടഞ്ഞു.
രണ്ടു പേര്‍ക്ക് കൂടി ഗുരുതരമായി പരിക്കേറ്റു. ഏതാനും വീടുകളിലേക്കും തീ പടര്‍ന്നു.രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ലോസ് ആഞ്ചലസില്‍ നിന്നും 220 കിലോ മീറ്റര്‍ അകലെ സാന്‍ഡിയിലാണ് സംഭവം.ട്വിന്‍-പിസ്റ്റണ്‍ എഞ്ചിനുള്ള സെസ്ന 340-എ വിമാനം ലാന്‍ഡ് ചെയ്യാന്‍ മിനിറ്റുകള്‍ ഉള്ളപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്. ആറ് സീറ്റുള്ള വിമാനമാണിത്.
മികച്ച കാര്‍ഡിയോളജിസ്റ്റ് ആയ ഡോ. സുഗത ദാസ്ഗുപ്തയുടെ നിര്യാണത്തില്‍ അതിയായ ദുഖമുണ്ടെന്ന് അദ്ദേഹം പ്രാക്ടീസ് ചെയതിരുന്ന യുമ റീജിയണല്‍ മെഡിക്കല്‍ സെന്റര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഭരത് മാഗു പറഞ്ഞു. പരിചയ സമ്പന്നനായ പൈലറ്റുമായിരുന്നു ഡോ. ദാസ്ഗുപ്ത.
തകര്‍ന്ന വീടുകളില്‍ നിന്ന് എല്ലാവരെയും തന്നെ രക്ഷാദൗത്യ സംഘം സുരക്ഷിതമായി പുറത്തെടുത്തു.ഇവരില്‍ രണ്ടു പേരെയാണ് ഗുരുതര പരിക്കും പൊള്ളലുമേറ്റ് ആശുപത്രിയിലാക്കിയത്. പാര്‍സല്‍ സര്‍വീസ് നടത്തുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കാലിഫോര്‍ണിയ പോലീസ് അറിയിച്ചു.വിമാനം വീണതിനു തൊട്ടടുത്തുള്ള സ്‌കൂളിന് അപകടമുണ്ടായില്ല.