വാഷിംഗ്ടണ്‍:അഫ്ഗാനില്‍ വര്‍ഷങ്ങളോളം അമേരിക്കന്‍ സൈനികരെ സഹായിച്ചിരുന്ന തദ്ദേശിയ പരിഭാഷകന്‍ കുടുംബത്തോടൊപ്പം താലിബാന്റെ കണ്ണുവെട്ടിച്ച് അത്ഭുതകരമായി രക്ഷപ്പെട്ട് പാകിസ്താനില്‍. 2008ല്‍ അഫ്ഗാനില്‍ സന്ദര്‍ശനത്തിനെത്തിയ സമയത്ത് ഭീകരരുടെ കയ്യില്‍ പെടാതെ ജോ ബൈഡനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച സംഭവത്തിലെ ഹീറോ കൂടിയായ അമാന്‍ ഖലീല്‍ ആണ് പാകിസ്താനില്‍ ഇടത്താവളം കണ്ടെത്തി അമേരിക്കയിലേക്കു പറക്കാന്‍ തയ്യാറെടുക്കുന്നത്. ഭീകരരുടെ നോട്ടപ്പുള്ളിയായിരുന്നു അമാന്‍.
അമേരിക്കയെ സഹായിച്ചവരെ തിരഞ്ഞുപിടിച്ചു കൊല്ലുന്ന താലിബാന്‍ ഭീകരരില്‍ നിന്ന് കുടുംബത്തോടൊപ്പമാണ് അമാന്‍ പുറത്തുകടന്നത്. ഓഗസ്റ്റില്‍ താലിബാന്‍ കാബൂള്‍ കീഴടക്കിയപ്പോള്‍ രക്ഷപെടാന്‍ സാധിക്കാതിരുന്ന അമാന്‍ ഖലീലിന്റെ കഥ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അമേരിക്കന്‍ ഭരണകൂടം രഹസ്യമായി ഇടപെട്ടു.വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
കുടുംബത്തോടൊപ്പം ഒളിച്ചുകഴിഞ്ഞ അമാനെ മുന്‍ അഫ്ഗാന്‍ സൈനികരാണ് 600 കിലോമീറ്റര്‍ ദൂരം താണ്ടി പാകിസ്താനില്‍ എത്തിച്ചത്. അഫ്ഗാനില്‍ താലിബാന്‍ മുന്നേറുന്നതിനിടെ അമേരിക്കയുടെ വിസ നേടാന്‍ അമാന് സാധിച്ചിരുന്നില്ല. കുടുംബത്തെയടക്കം രക്ഷിക്കാനാകുമെങ്കില്‍ മാത്രമേ രാജ്യം വിടുകയുള്ളു എന്ന നിലപാടു മൂലം നടപടി ക്രമങ്ങള്‍ വൈകുകയായിരുന്നു.പാകിസ്താനില്‍ നിന്ന് യു. എസ് വിസ സംഘടിപ്പിക്കാനുള്ള ശ്രമം ഇപ്പോള്‍ പുരോഗമിക്കുന്നു.
2008ല്‍ അഫ്ഗാനില്‍ സന്ദര്‍ശനത്തിനെത്തിയ സമയത്ത് ഭീകരരുടെ കയ്യില്‍ പെടാതെ ജോ ബൈഡനെ രക്ഷിച്ചത് അമാന്റെ സമയോചിതമായ ഇടപെടലായിരുന്നു. ഹിമക്കാറ്റില്‍പെട്ട് ബൈഡന്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ താലിബാന്‍ മേഖലയില്‍ ഇടിച്ചിറക്കേണ്ടി വന്നപ്പോഴാണ് അമാന്‍ രക്ഷകനായത്. താലിബാന്‍ ഭീകരരെ അവരുടെ ഭാഷയില്‍ കൗശല പൂര്‍വം സംസാരിച്ച്് അകറ്റി നിര്‍ത്താന്‍ അമാനു കഴിഞ്ഞു. രണ്ട് ഹോക്ക് ഹെലികോപ്റ്ററുകളാണ് താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശത്ത് ഒറ്റപ്പെട്ടുപോയത്.സഹ സെനറ്റര്‍മാരായിരുന്ന ജോണ്‍ കെറി, ചക് ഹേഗല്‍ എന്നിവരും ബൈഡനൊപ്പം ഉണ്ടായിരുന്നു.പഴയ താലിബാന്‍ ഭരണകൂടത്തെ അട്ടിമറിച്ച 2001 അധിനിവേശത്തിന് തൊട്ടുപിന്നാലെയാണ് ഖലീലി യുഎസിന്റെ വിവര്‍ത്തകനായി നിയമിതനായത്.
'രാവും പകലുമായി കുടുംബത്തോടൊപ്പം 144 മണിക്കൂര്‍ ഡ്രൈവിംഗ് ഭയാനകമായിരുന്നു. നിരവധി ചെക്ക്പോസ്റ്റുകള്‍ കടന്നുപോരേണ്ടിവന്നു. പക്ഷേ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലെത്തിയ അനുഭവത്തിലാണ്' അമന്‍ ഖലീലി വാള്‍സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.മുന്‍ അഫ്ഗാന്‍ പട്ടാളക്കാര്‍ക്കും പാകിസ്താന്‍ സഖ്യകക്ഷികള്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഒരു കൂട്ടം യു.എസ് സൈനികര്‍ അമേരിക്കയിലിരുന്ന് ഖലീലിയെയും കുടുംബത്തെയും അതിര്‍ത്തി കടത്താന്‍ നടത്തിയ നീക്കമാണ് സഫലമായതെന്ന റിപ്പോര്‍ട്ട് പറയുന്നു.'ഞങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ പോരാടുമ്പോള്‍ എന്നെയും മറ്റ് അമേരിക്കക്കാരെയും സുരക്ഷിതമായി നിലനിര്‍ത്താന്‍ അമന്‍ സഹായിച്ചു. അതിനുള്ള നന്ദിയാണിത്' ഖലീലിയോടൊപ്പം ജോലി ചെയ്തിരുന്ന യുദ്ധവിദഗ്ദ്ധന്‍ ബ്രയാന്‍ ഗെന്തേ ജേണലിനോട് പറഞ്ഞു.