വിദ്വേഷ തീപ്പൊരി ചിതറി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പാക് ഭീകര സംഘടനയുടെ മൊബൈല്‍ ആപ്പ്

വിദ്വേഷ തീപ്പൊരി ചിതറി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍  പാക് ഭീകര സംഘടനയുടെ മൊബൈല്‍ ആപ്പ്



ന്യൂഡല്‍ഹി : പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സജീവം. ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്ന 'അച്ചേ ബാത്തേന്‍' എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഭീകര സംഘടനയുമായുള്ള ബന്ധം പരസ്യമായി പ്രഖ്യാപിക്കാതെ ലോകമെമ്പാടുമുള്ള ആന്‍ഡ്രോയ്ഡ് യൂസേഴ്സിനു ലഭ്യമാക്കുന്നു.

തീവ്ര ഇസ്ലാമികതയും ഭീകരതയുമായി ബന്ധപ്പെട്ട മതപ്രഭാഷണങ്ങള്‍ ഈ ആപ്പില്‍ സുലഭമാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ജെയ്ഷെ മുഹമ്മദിന്റെ നേതാവായ മസൂദ് അസറിന്റെ മതപ്രഭാഷണങ്ങള്‍ പ്രചിപ്പിക്കുന്ന മറ്റ് ആപ്പുകളിലേക്കുള്ള ലിങ്കുകളുമുണ്ട്. മതപഠന ഗ്രന്ഥങ്ങളും പുസ്തകങ്ങളും ഓഡിയോ ക്ലിപ്പുകളും നിറഞ്ഞതാണ് ഇവ. 2001 മുതല്‍ യുണൈറ്റഡ് നേഷന്‍സ് സെക്യൂരിറ്റി കൗണ്‍സില്‍ ജെയ്ഷെ മുഹമ്മദിനെ വിലക്കിയിട്ടുള്ളതാണ്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.

പാകിസ്താനിലെ ഇസ്ലാമിക പുരോഹിതന്മാരുടെ മതപ്രഭാഷണങ്ങളെന്ന വിശേഷണത്തോടെ 2020 ഡിസംബര്‍ 4 നാണ് എഡ്യുക്കേഷണല്‍ ആപ്പ് എന്ന പേരില്‍ 'അച്ചേ ബാത്തേന്‍' പുറത്തിറക്കിയത്. മൗലാന താരിഖ് ജമീലിന്റേത് മുതല്‍ തീവ്ര മതചിന്തകനായ റാഷിദ് അഹമ്മദിന്റേത് വരെയുള്ള പ്രഭാഷണങ്ങള്‍ ഇതു വഴി പുറത്തുവിടുന്നുണ്ട്. സാദി എന്ന തൂലികപ്പേരില്‍ മസൂദ് അസറിന്റെ ലഘുലേഖകളും പ്രചരിപ്പിക്കുന്നു.

ജര്‍മനി ആസ്ഥാനമായാണ് ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് വിവരം.ഇതുവരെ 5,000 ത്തിലധികം ഡൗണ്‍ലോഡുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്താലുടന്‍ ഈ ആപ്ലിക്കേഷന്‍ നെറ്റ് വര്‍ക്കും ജിപിഎസും ആക്സസ് ചെയ്യും. ഉപയോക്താവിന്റെ ലോക്കേഷനും മൊബൈലിലെ സ്റ്റോറേജും മറ്റ് വിവരങ്ങളും ഈ ആപ്ലിക്കേഷന് ലഭിക്കും. ഇത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള സാദ്ധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.