ഓസ്ലോ: നോര്‍വേയില്‍ അമ്പെയ്ത് അഞ്ചുപേരെ കൊലപ്പെടുത്തുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അക്രമി അറസ്റ്റില്‍. നോര്‍വേയിലെ കോംഗ്സ്‌ബെര്‍ഗ് പട്ടണത്തിലാണ് സംഭവം. പരുക്കേറ്റവരിലൊരാള്‍ പോലീസ് ഉദ്യോഗസ്ഥനാണ്. 28,000 പേര്‍ മാത്രം താമസിക്കുന്ന തെക്കുകിഴക്കന്‍ നോര്‍വേയിലെ പട്ടണമാണ് കോംഗ്സ്‌ബെര്‍ഗ്.
30 വയസുകാരനായ ഡാനിഷ് പൗരനാണ് അക്രമി. ആക്രമണത്തിന്റെ ഉദ്ദേശ്യം എന്താണെന്നു വ്യക്തമായിട്ടില്ല. ഭീകരവാദ സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 6.15-നാണു സംഭവം. ഒരു കയ്യില്‍ വില്ലും ചുമലില്‍ തൂക്കിയിട്ട ആവനാഴിയില്‍ നിറയെ അമ്പുമായി നഗരത്തിലൂടെ നടന്ന് അമ്പെയ്യുകയായിരുന്നു. ആളുകള്‍ ജീവനുംകൊണ്ട് ഓടിയതായി ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. അതില്‍ കുഞ്ഞുമായി ഓടുന്ന അമ്മയും ഉണ്ടായിരുന്നു. അമ്പേറ്റാണ് അഞ്ചു പേരും കൊല്ലപ്പെട്ടത്. അമ്പ് തറച്ച രണ്ടു പേരുടെ നില ഗുരുതരമാണ്. 20 മിനിറ്റിന് നേരെത്തെ ഏറ്റുമുട്ടലിനൊടുവിലാണ് അക്രമിയെ പോലീസ് കീഴടക്കിയത്. അക്രമി മറ്റേതെങ്കിലും ആയുധങ്ങളും ഉപയോഗിച്ചിരുന്നോ എന്നത് അന്വേഷിക്കുകയാണെന്നു നോര്‍വേ പോലീസ് മേധാവി അറിയിച്ചു.
രാജ്യത്തെ നടുക്കിയ സംഭവമാണ് നടന്നതെന്ന് പ്രധാനമന്ത്രി എര്‍ണ സോല്‍ബര്‍ഗ് അറിയിച്ചു. പ്രശ്‌നങ്ങള്‍ മാറുംവരെ എല്ലാവരും വീടുകളില്‍ തുടരണമെന്നു സര്‍ക്കാര്‍ അറിയിച്ചു.
നോര്‍വേയുടെ ചരിത്രത്തില്‍ 2011ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് പോലീസ് പറഞ്ഞു. 2011ല്‍ ആന്‍ഡ്രേസ് ബെഹ്റിംഗ് എന്നയാള്‍ 77 പേരെ കൊന്നൊടുക്കിയ സംഭവമാണ് ഇതുവരെ നടന്ന ഏറ്റവും വലിയ കൂട്ടക്കൊല.