കുവൈറ്റ് സിറ്റി: ഇന്ത്യയും, കുവൈറ്റുമായുള്ള നയതന്ത്രബന്ധം ആരംഭിച്ചതിൻ്റെ അറുപതാം വാർഷികാഘോഷങ്ങൾക്ക് ഡിസംബർ രണ്ടിന് ഷെയ്ക്ക് മുബാറക് കിയോസ്ക് മ്യൂസിയത്തിൽ തിരിതെളിയും. കുവൈറ്റ് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ ആർട്സ് ആൻഡ് ലെറ്റേഴ്സും, കുവൈറ്റിലെ ഇന്ത്യൻ എംബസിയും ചേർന്നാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
"ഇന്ത്യ ഡേ" എന്ന് പേരിട്ടിരിക്കുന്ന സംയുക്ത സംഗീത പരിപാടികളോടെയാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിക്കുകയെന്ന് എൻ.സി.സി.എൽ ൻ്റെ സെക്രട്ടറി ജനറൽ കമാൽ അബ്ദുൾ ജലീലും ഇന്ത്യൻ അംബാസിഡർ സിബി ജോർജും അറിയിച്ചു. രണ്ടു രാജ്യങ്ങളുടെയും, കലയും, സാഹിത്യവും, ചരിത്രവും പ്രതിഫലിക്കുന്ന പരിപാടികളായിരിക്കും ആഘോഷങ്ങളുടെ മുഖ്യ ആകർഷണം.
ഇന്ത്യൻ സിനിമകളുടെ പ്രദർശനം, കലാപരിപാടികൾ, രണ്ടു രാജ്യങ്ങളുടെയും ചരിത്രത്തെ വിശകലനം ചെയ്യുന്ന സെമിനാറുകൾ, ആരോഗ്യ വിനോദ സഞ്ചാരത്തിൻ്റെ സാദ്ധ്യതയെക്കുറിച്ചുള്ള പരിപാടികൾ, പുരാവസ്തുക്കൾ, തുണിത്തരങ്ങൾ, പാത്രങ്ങൾ, ആഭരണങ്ങൾ, തുടങ്ങിയവയെക്കുറിച്ചുള്ള പ്രദർശനങ്ങൾ, സമുദ്ര വ്യാപാരമാർഗ്ഗങ്ങളെക്കുറിച്ചുള്ള പരിപാടികൾ, ഇന്ത്യയിലെയും കുവൈറ്റിലെയും വിവിധങ്ങളായ പാചകരീതികളെക്കുറിച്ചുള്ള സിംപോസിയങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.