ടെഹ്‌റാന്‍ :ഇന്ത്യയിലേക്കുള്ള മയക്കുമരുന്നു കടത്തു തടയാനുള്ള നീക്കത്തിന്റെ ഭാഗമായി ഇറാന്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കണ്ടെയ്‌നര്‍ ചരക്കുകള്‍ സ്വീകരിക്കില്ലെന്ന അദാനി പോര്‍ട്ടിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഇറാന്‍ . തങ്ങളുടെ ചരക്കുകളുടെ ഇറക്കുമതി നിരോധിക്കുന്ന നടപടി 'ബാലിശവും യുക്തിരഹിതവുമാണെ'ന്ന് ഇറാന്‍ എംബസി പ്രതികരിച്ചു.
ഗുജറാത്തിലെ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള മുന്ദ്ര പോര്‍ട്ടില്‍ നിന്ന് 21000 കോടി രൂപ വില വരുന്ന 3000 കിലോഗ്രാം ഹെറോയിന്‍ പിടികൂടിയതിന് പിന്നാലെയാണ് ഇറാന്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കണ്ടെയ്‌നര്‍ ചരക്കുകള്‍ സ്വീകരിക്കില്ലെന്ന തീരുമാനം വന്നത്.
ഇറാനിയന്‍ എംബസി ഇക്കാര്യത്തില്‍ പ്രസ്താവന ഇറക്കിയെങ്കിലും അദാനി പോര്‍ട്ട്‌സിനെക്കുറിച്ച് നേരിട്ട് പരാമര്‍ശിച്ചിട്ടില്ല. മയക്കുമരുന്ന് കടത്തിനെതിരായ തങ്ങളുടെ പോരാട്ടത്തെ ഐക്യരാഷ്ട്രസഭ പോലും പ്രശംസിച്ചുവെന്നും വ്യാപാരം നിഷേധിക്കുന്നതും, ചരക്ക് നിരോധിച്ചതുമായ നടപടി അന്യായമായി ലക്ഷ്യം വയ്ക്കുന്നതാണെന്നും ഇറാന്‍ പ്രസ്താവനയില്‍ പറയുന്നു.ഇറാനിയന്‍ പോലീസും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ഓഫീസര്‍മാരും ഇന്ത്യന്‍ അധികൃതരുമായി ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നുവെന്നും പ്രസ്താവനയില്‍ സൂചനയുണ്ട്.
അതേസമയം അഫ്ഗാനിസ്താനില്‍ വിദേശ ശക്തികളുടെ അധിനിവേശം, വിവിധ വിഭാഗങ്ങള്‍ക്കിടയിലെ കലഹങ്ങള്‍, കടുത്ത ദാരിദ്ര്യം എന്നിവ ആ രാജ്യത്ത് മയക്കുമരുന്ന് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന എംബസി പറഞ്ഞു.പതിറ്റാണ്ടുകളായി അഫ്ഗാനിസ്താനിലെ മയക്കുമരുന്ന് ഉല്‍പാദനവും അവിടെ നിന്നുള്ള സംഘടിത മയക്കുമരുന്ന് കടത്തും ഇറാനും നമ്മുടെ പ്രദേശത്തിനും ലോകത്തിനും വലിയ ഭീഷണിയാണ്.അഫ്ഗാന്റെ അടുത്ത അയല്‍ക്കാരെന്ന നിലയില്‍, ഇറാനെയും ആ രാജ്യത്തെ സംഭവവികാസങ്ങള്‍ കാര്യമായി ബാധിച്ചുവെന്നും പ്രസ്താവനയില്‍ പറയുന്നു.