ശാസ്ത്ര വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ. ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ പതിമൂന്നാം ഭാഗം.
ഇന്ത്യന്‍ ശാസ്ത്രലോകത്തിന് മറക്കാനാകാത്ത പേരാണ് യൂജിന്‍ ലഫോണ്ട്. ജന്മം കൊണ്ട് ഇന്ത്യക്കാരനല്ലെങ്കിലും കര്‍മം കൊണ്ട് അദ്ദേഹം ഭാരതത്തിന്റെ പുത്രനായിത്തീര്‍ന്നു. ഭാരതത്തിലെ ശാസ്ത്രാഭിരുചിയുടെ വളര്‍ച്ചക്ക് നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് യൂജിന്‍ ലഫോണ്ട്. ഒരു മിഷനറി എന്ന നിലയിലും അറിയപ്പെടുന്ന ശാസ്ത്രജ്ഞന്‍ എന്ന നിലയിലും അദ്ദേഹം പരിചിതനാണ്.
ഇന്ത്യയിലെ ആദ്യ ശാസ്ത്രീയ സമൂഹത്തിന്റെ (Scientific Society) ആരംഭകന്‍ അദ്ദേഹമാണ്. 1837 മാര്‍ച്ച് 26 ന് ബെല്‍ജിയം എന്ന രാജ്യത്താണ് യൂജിന്‍ ലഫോണ്ട് ജനിക്കുന്നത്. മോന്‍സ് എന്ന നഗരത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1854 ല്‍ അദ്ദേഹം ജെസ്യൂട്ട് സഭയില്‍ ചേര്‍ന്നു. ജെസ്യുട്ട്് സഭയില്‍ നൊവിഷ്യേറ്റ് പൂര്‍ത്തിയാക്കിയ അദ്ദേഹം ഗെന്റ്, ലീജ് എന്നീ രണ്ടിടങ്ങളില്‍ പഠിപ്പിച്ചു.
ഇതേത്തുടര്‍ന്ന് തത്വശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും അദ്ദേഹം ബിരുദങ്ങള്‍ കരസ്ഥമാക്കി. നാമൂര്‍ എന്ന സ്ഥലത്ത് 1863 മുതല്‍ 1865 വരെയുള്ള ഭൗതികശാസ്ത്ര പഠന കാലയളവില്‍ പരീക്ഷണങ്ങളോട് ഒരു പ്രത്യേക മമത അദ്ദേഹത്തിനുണ്ടായിരുന്നു. ഈ പഠനശേഷം ലഫോണ്ട് ഇന്ത്യയിലേക്ക് പുറപ്പെടുകയും 1865 ഡിസംബര്‍ നാലിന് കൊല്‍ക്കൊത്തയില്‍ എത്തിച്ചേരുകയും ചെയ്തു.
അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു കൊല്‍ക്കൊത്ത.
കൊല്‍ക്കൊത്തയില്‍ എത്തിയ യൂജിന്‍ ലഫോണ്ട് അവിടെയുണ്ടായിരുന്ന സെന്റ് സേവ്യേയേഴ്സ് കോളജില്‍ അധ്യാപനം തുടങ്ങി. അന്ന് ആ കോളജ് ആരംഭിച്ചിട്ട് അഞ്ച് വര്‍ഷമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ആധുനിക ഇന്ത്യയിലെ ആദ്യ ശാസ്ത്രജ്ഞന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജഗദിഷ് ചന്ദ്ര ബോസ് അവിടെ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു.
അവിടെ ശാസ്ത്രം പഠിപ്പിക്കാന്‍ ആരംഭിച്ച ലഫോണ്ട് ആ കോളജില്‍ ഒരു പരീക്ഷണ ശാലക്ക് തുടക്കം കുറിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ശാസ്ത്രലാബെന്ന് അതിനെ വിശേഷിപ്പിക്കാം. രണ്ടുവര്‍ഷത്തിനുശേഷം അദ്ദേഹം കൊല്‍ക്കൊത്തയില്‍ സംഭവിക്കാനിരുന്ന ഒരു ചുഴലിക്കാറ്റിനെക്കുറിച്ച് കൃത്യമായ ശാസ്ത്രീയ നിര്‍ദേശം കൊടുക്കുകയും വേണ്ട മുന്‍കരുതല്‍ എടുക്കുകയും ചെയ്തതിലൂടെ പ്രശസ്തനായി.
അന്നു മുതല്‍ കൊല്‍ക്കൊത്തയില്‍ പ്രസിദ്ധീകരിച്ചിരുന്ന Indo-European Correspondence എന്ന പത്രത്തില്‍ ലഫോണ്ട് നല്‍കിയിരുന്ന കാലാവസ്ഥാ നിരീക്ഷണങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാനാരംഭിച്ചു. കുട്ടികളില്‍ ശാസ്ത്ര താത്പര്യം വളര്‍ത്താന്‍ ഏറ്റവും നല്ല മാര്‍ഗം പരീക്ഷണങ്ങളിലൂടെ അവരെ വിസ്മയിപ്പിക്കുന്നതാണ് എന്ന് മനസിലാക്കിയ അദ്ദേഹം കുട്ടികള്‍ക്കായി നല്ല ശാസ്ത്രീയ പരീക്ഷണങ്ങള്‍ തയ്യാറാക്കി. അങ്ങനെ മാജിക് അച്ചന്‍ എന്നും ലഫോണ്ട് അറിയപ്പെടാന്‍ തുടങ്ങി.
എല്ലാ ആഴ്ചയും ആംഗലേയ ഭാഷയില്‍ പൊതുജനങ്ങള്‍ക്കായി നടത്തിയിരുന്ന ശാസ്ത്ര ക്ലാസിലും പരീക്ഷണങ്ങളിലൂടെ പഠിപ്പിച്ചു. ഇടയ്ക്ക് അദ്ദേഹം പാരിസില്‍ പോകുകയും തന്റെ ക്ലാസിനാവശ്യമായ വസ്തുക്കള്‍ പ്രദര്‍ശനത്തിനായി വാങ്ങുകയും ചെയ്യുമായിരുന്നു. ടെലിഫോണ്‍, എക്‌സ് റേ, തയ്യല്‍ മെഷീന്‍, വൈദ്യുതി വെളിച്ചം തുടങ്ങിയവയെല്ലാം അദ്ദേഹം ജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും അവയ്ക്കു പിന്നിലെ ശാസ്ത്രം അവരെ പഠിപ്പിക്കുകയും ചെയ്തു. വൈസ്രോയി പോലും ചിലപ്പോള്‍ അദ്ദേഹത്തിന്റെ ക്ലാസുകള്‍ കേള്‍ക്കാന്‍ എത്തുമായിരുന്നു. ഡാര്‍ജിലിങ്ങിലേക്ക് സ്ഥലം മാറിപ്പോകുന്നതുവരെ അദ്ദേഹത്തിന്റെ ശാസ്ത്രാധ്യാപനം തുടര്‍ന്നു.
1876 ല്‍ അദ്ദേഹം Indian Association for the Cultivation of Science എന്ന സംഘടന സ്ഥാപിച്ചു. ശാസ്ത്രം സാധാരണക്കാരിലേക്ക് പകര്‍ന്നു കൊടുക്കാന്‍ ഇത്തരത്തില്‍ ഒരു നീക്കം ഇന്ത്യയില്‍ ആദ്യമായിരുന്നു. ശാസ്ത്രത്തിലെ അടിസ്ഥാനകാര്യങ്ങളും നവമായ കണ്ടുപിടുത്തങ്ങളും സാധാരണക്കാരിലേക്ക് അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ എത്തിക്കുക എന്നതായിരുന്നു ദൗത്യം. തുടര്‍ന്ന് ഈ മുന്നേറ്റം ശാസ്ത്രാന്വേഷികളുടെ ഒത്തുചേരലിന്റെ ഇടമായി.
ഇന്ത്യയില്‍ ഭൗതിക ശാസ്ത്രത്തിന് നൊബേല്‍ പുരസ്‌കാരം നേടിയ സി.വി രാമനും കെ.എസ് കൃഷ്ണനുമെല്ലാം ഈ മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു. ആകസ്മികം എന്ന് പറയട്ടെ, അദ്ദേഹം അധ്യക്ഷം വഹിച്ച അവസാന മീറ്റിംഗ് ആയിരുന്നു സി.വി രാമന്‍ ഈ പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന ആദ്യ മീറ്റിംഗ്. ജഗദിഷ് ചന്ദ്ര ബോസ് wireless telegraphy കണ്ടുപിടിച്ചപ്പോള്‍ തന്റെ ശാസ്ത്ര ക്ലാസുകളിലൂടെ അതിനു പരമാവധി പ്രചാരം നല്‍കാനും പ്രോത്സാഹിപ്പിക്കാനും യൂജിന്‍ ലഫോണ്ട് പരിശ്രമിച്ചു.
കത്തോലിക്കാസഭ ശാസ്ത്രത്തിനു വിരുദ്ധമാണെന്ന് പൊതുസമൂഹം കരുതിയിരുന്ന കാലത്ത് അദ്ദേഹം ശാസ്ത്രം പഠിപ്പിക്കുമ്പോള്‍ ഇങ്ങനെ പറയുമായിരുന്നു. 'ഒരു കത്തോലിക്കനും പുരോഹിതനുമാണെങ്കിലും എനിക്ക് ലഭിച്ചതെല്ലാം ശാസ്ത്രത്തിന്റെ മേഖലയിലെ വളര്‍ച്ചയെക്കുറിച്ച് ഏറ്റം സന്തോഷത്തോടെ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും'.
ശാസ്ത്രവും മതവും ഒരുമിച്ചു പോകില്ല എന്ന ആശയത്തെ അങ്ങേയറ്റം എതിര്‍ത്ത ഒരാളാണ് യൂജിന്‍ ലഫോണ്ട്. ഒരു രീതിയിലുള്ള സത്യം മറ്റൊരു രീതിയിലുള്ള സത്യത്തിനു വിരുദ്ധമല്ല എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ശാസ്ത്ര വിഷയങ്ങളെ അനായാസം സഹചരര്‍ക്ക് പകര്‍ന്ന അദ്ദേഹത്തിന്റെ വൈഭവം യൂറോപ്പില്‍ തന്നെ തുടര്‍ന്നിരുന്നെങ്കില്‍ അദ്ദേഹം എത്തിത്തീരുമായിരുന്ന ഉയരങ്ങളുടെ സൂചന കൂടിയാണ്.
1908 മെയ് 10 ന് പശ്ചിമ ബംഗാളിലെ ഡാര്‍ജീലിങില്‍ യൂജിന്‍ ലഫോണ്ട് നിര്യാതനായി. ജീവിതം മുഴുവന്‍ വിശ്വാസത്തിനും ശാസ്ത്രത്തിനും ഒന്നുപോലെ പ്രാധാന്യം നല്‍കിയ വിശിഷ്ട വ്യക്തിത്വമാണ് യൂജിന്‍ ലഫോണ്ട്. വിശ്വാസവും യുക്തിയും തമ്മിലുള്ള പാരസ്പര്യം മനസിലാക്കുകയും അവ രണ്ടും ഒന്നുപോലെ തന്റെ സമീപസ്ഥര്‍ക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ജീവിതം ഭാരതത്തില്‍ ശാസ്ത്രത്തിന്റെ വളര്‍ച്ചക്ക് നിര്‍ണായക സംഭാവനയാണ് നല്‍കിയത്.