അബുദബി: 16 വയസില്‍ താഴെയുളള വിദ്യാർത്ഥികള്‍ക്ക് വാക്സിനേഷന്‍ നിർബന്ധമല്ലെന്ന് വ്യക്തമാക്കി അബുദബി വിദ്യാഭ്യാസ വകുപ്പ്. ബ്ലൂ സ്കൂള്‍ ഇനീഷ്യറ്റീവിന്‍റെ ഭാഗമായുളള പ്രവർത്തനങ്ങള്‍ വിവിധ സ്കൂളുകളില്‍ പുരോഗമിക്കുന്നതിനിടെയാണ് അബുദബി എഡ്യൂക്കേഷന് ആന്‍റ് നോളജ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്‍റെ മൂല്യങ്ങള്‍ക്ക് അനുസരിച്ച് വിവേചനമോ അപകീർത്തിയോ ഇല്ലാതെയുളള മാർഗ്ഗ നിർദ്ദേശങ്ങള്‍ സ്ഥാപിക്കണമെന്നതാണ് സ്കൂളുകള്‍ക്കുളള നിർദ്ദേശം.16 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് നിർബന്ധിച്ച് പ്രതിരോധ കുത്തിവയ്പ്പ് നൽകാന്‍ പാടില്ലെന്ന് സ്കൂളുകള്‍ക്ക് നിർദ്ദേശം നല്കിയിട്ടുണ്ടെന്ന് അഡെക്കിലെ അണ്ടർ സെക്രട്ടറി അമർ അൽ ഹമ്മദി പറഞ്ഞു.
നിലവിൽ, അബുദാബിയിലെ സ്വകാര്യ സർക്കാർ സ്കൂളുകളിലെ 16 വയസ്സിനു മുകളിലുള്ള എല്ലാ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും വാക്സിനേഷന്‍ പൂർത്തിയായിട്ടുണ്ട്. എന്നാല്‍ 16 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് മാതാപിതാക്കളുടെ താല്‍പര്യപ്രകാരമാണ് വാക്സിനേഷന്‍ പുരോഗമിക്കുന്നത്. ബ്ലൂ സ്കൂള്‍ ഇനീഷ്യേറ്റീവ് അനുസരിച്ച് വാക്സിനേഷന്‍ തോത് അനുസരിച്ച് നാല് നിറങ്ങളില്‍ സ്കൂളുകളെ തരം തിരിക്കുകയാണ് ചെയ്യുന്നത്. ഓറഞ്ച്, മഞ്ഞ, പച്ച, നീല എന്നീ നാല് നിറങ്ങള്‍ സ്കൂളുകള്‍ക്ക് നല്‍കും. അതിനനുസൃതമായി കോവിഡ് നിയന്ത്രണങ്ങളിലെ ഇളവും ലഭിക്കും.

വാക്സിനേഷന്‍ തോത് കൂടിയ നീല കാറ്റഗറിയില്‍ വരുന്ന സ്കൂളുകള്‍ക്ക് കൂടുതല്‍ ഇളവുണ്ടാകുമെന്നതില്‍ എല്ലാവരേയും വാക്സിനെടുക്കാന്‍ നിർബന്ധിക്കുന്ന പ്രവണത ഒഴിവാക്കാനാണ് അഡെക്ക് 16 വയസിന് താഴെയുളളവർക്ക് വാക്സിനെടുക്കാന്‍ നിർബന്ധിക്കരുതെന്ന നിർദ്ദേശം ഒരിക്കല്‍ കൂടി വ്യക്തമാക്കിയത്.