പോര്‍ട്ട് ഓഫ് പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ 17 അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷണറിമാരെയും കുടുംബാംഗങ്ങളെയും ക്രിമിനല്‍ സംഘം തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ പോര്‍ട്ട് ഓഫ് പ്രിന്‍സില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. ബന്ദികളാക്കപ്പെട്ടവരില്‍ ഏഴു സ്ത്രീകളും അഞ്ചു കുട്ടികളുമുണ്ട്.
ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമായ കരീബിയന്‍ നഗരത്തിലെ ഒരു അനാഥാലയം സന്ദര്‍ശിച്ച് ബസില്‍ മടങ്ങവേയാണ് മിഷണറിമാരെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകലിനും കൊലപാതകങ്ങള്‍ക്കും കുപ്രസിദ്ധിയാര്‍ജിച്ച 400 മാവോസോ എന്ന സംഘമാണ് മിഷനറിമാരെ തട്ടിക്കൊണ്ടുപോയതെന്ന് ഹെയ്തി പോലീസ് ഇന്‍സ്‌പെക്ടര്‍ ഫ്രാന്‍സ് ഷാംപെയ്ന്‍ പറഞ്ഞു. യു.എസിലെ ഒഹിയോ ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രീസ് എന്ന ജീവകാരുണ്യ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന മിഷണറിമാരെയാണ് തട്ടിക്കൊണ്ടു പോയത്.
വിമാനത്താവളത്തിലേക്ക് പോയ ബസില്‍ കടന്നുകയറി കുട്ടികളുള്‍പ്പടെയുള്ളവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവം പരിശോധിച്ച് വരികയാണെന്ന് യു.എസ് അധികൃതര്‍ അറിയിച്ചു. ഹെയ്തിയില്‍ ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രീസ് വലിയ തോതിലുള്ള സന്നദ്ധ സേവനമാണ് ചെയ്യുന്നത്. കുട്ടികള്‍ക്ക് അഭയം, ഭക്ഷണം, വസ്ത്രം എന്നിവയും അവരുടെ വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുകയും ചെയ്യുന്നു.
മുന്‍ പ്രസിഡന്റ് ജോവനല്‍ മോയീസ് വധവും ഓഗസ്റ്റിലുണ്ടായ ഭൂമികുലുക്കത്തെയും തുടര്‍ന്ന് രാജ്യത്ത് ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമാവുകയാണ്.