വാഷിങ്ടണ്‍: മലയാളിയായ ഗീത ഗോപിനാഥ് രാജ്യാന്തര നാണയനിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് പദവി ഒഴിയുന്നു. ജനുവരിയില്‍ തിരികെ ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലേക്ക് മടങ്ങുമെന്നാണ് ഐഎംഎഫ് അറിയിച്ചത്. ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായി മൂന്ന് വര്‍ഷത്തോളം സേവനം അനുഷ്ഠിച്ചു. ഈ പദവി വഹിക്കുന്ന ആദ്യ വനിത കൂടിയാണ്. 2016 ജൂലൈ മുതല്‍ രണ്ടു വര്‍ഷം സൗജന്യമായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി സേവനം ചെയ്തിരുന്നു.
ചീഫ് ഇക്കണോമിസ്റ്റ് ആയി ഗീത മികച്ച സംഭാവനയാണ് നല്‍കിയതെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജ്ജീവിയ പറഞ്ഞു. ഐഎംഎഫിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗീതയുടെ സംഭാവനകള്‍ എടുത്തുപറയേണ്ടതാണ്. കൊറോണ കാലത്ത് രാജ്യാന്തര വാക്സിനേഷന്‍ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതിലും ഐഎംഎഫിനുള്ളില്‍ കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കാനുള്ള സംഘം രൂപപ്പെടുത്തുന്നതിലും ഗീത മുഖ്യ പങ്കുവഹിച്ചുവെന്നും ക്രിസ്റ്റലീന പറഞ്ഞു.
2018ലാണ് ഗീത ഗോപിനാഥ് ചീഫ് ഇക്കണോമിസ്റ്റായി ചുമതല ഏറ്റെടുത്തത്. ഐ.എം.എഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേശക സ്ഥാനം രാജിവച്ചത്. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ശേഷം ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായി നിയമിക്കപ്പെടുന്ന ഇന്ത്യക്കാരി കൂടിയായിരുന്നു ഗീത ഗോപിനാഥ്.