ഷാർജ: നബിദിനത്തോട് അനുബന്ധിച്ച് നാളെ ഷാർജയില്‍ ചില ഭാഗങ്ങളിലൊഴികെ പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി. അല്‍ ഹിസ്ന്‍ സ്ട്രീറ്റ്, അല്‍ ഷുവൈഹീന്‍, അല്‍ ഷോയൂഖ് കോർണിഷ് സ്ട്രീറ്റ്, ഖെയ്സ് ഇബ്ന് അബി സാസാ സ്ട്രീറ്റ്, അല്‍ ജുബൈല്‍, സെന്‍ട്രല്‍ സൂഖ്, അല്‍ മജാസ് 1,2, യൂണിവേഴ്സിറ്റി റോഡ്, മുവൈല വാണിജ്യമേഖല എന്നിവിടങ്ങളില്‍ പാർക്കിംഗിന് പണം നല്‍കേണ്ടിവരും. വെള്ളിയാഴ്ച ഉള്‍പ്പെടെ പൊതു അവധി ദിനങ്ങളില്‍ പാർക്കിംഗിന് പണം ഈടാക്കുന്ന ബ്ലൂ പാർക്കിംഗ് സോണുകളിലും മാറ്റമുണ്ടാകില്ലെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.
അബുദബിയിലും വ്യാഴാഴ്ച പാർക്കിംഗ് സൗജന്യമാണ്.മുസഫ വ്യാവസായിക മേഖല എം 18 നിലും പാർക്കിംഗ് സൗജന്യമായിരിക്കും. ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയില്‍ വാഹനം പാർക്ക് ചെയ്യരുതെന്നും നിരോധിതമേഖലയില്‍ വാഹനം പാർക്ക് ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ടോള്‍ ഗേറ്റും സൗജന്യമായിരിക്കുമെന്ന് ഐടിസി അറിയിച്ചിട്ടുണ്ട്. ദുബായിലും നാളെ പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്.