തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥാ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. തമിഴ്നാടിന്റെ തെക്കന്‍ തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ ഞായറാഴ്ച വരെ തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
തമിഴ്നാട് തീരത്ത് നിന്ന് കിഴക്കന്‍ കാറ്റ് കേരളത്തിലേക്ക് വീശുന്നതാണ് ഇപ്പോഴത്തെ കനത്ത മഴയ്ക്ക് കാരണം. അതിനിടെയാണ് തെക്കന്‍ തമിഴ്നാടിന് സമീപത്ത് ചക്രവാതിച്ചുഴി രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനം അടുത്ത മൂന്ന് ദിവസം തുടരനാണ് സാധ്യത. ഈ ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ തന്നെയായിരിക്കും സംസ്ഥാനത്ത് കടുത്ത മഴ തുടരുകയെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. ഒക്ടോബര്‍ 20 മുതല്‍ 24 വരെ മഴ തുടരും.
സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂറില്‍ വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 13 ജില്ലകളില്‍ വീണ്ടും ജാഗ്രതാ നിര്‍ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോട്ടയത്തും കോഴിക്കോടും മലയോര മേഖലകളില്‍ മഴ തുടരുകയാണ്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ടൗണില്‍ വെള്ളം കയറി. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.