തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് വരികയാണെങ്കില്‍ സന്തോഷമെന്ന് കെ മുരളീധരന്‍ എംപി. തനിക്കെതിരെ മത്സരിച്ചിരുന്നെങ്കിലും നല്ല അടുപ്പം അദ്ദേഹവുമായുണ്ട്. തന്റെ പിതാവുമായും ചെറിയാന്‍ ഫിലിപ്പിന് നല്ല ബന്ധമായിരുന്നെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെതര്‍ലാണ്ട്‌സ് മാതൃകയെ കുറിച്ച് അവിടെപ്പോയി പഠിച്ചശേഷമുള്ള തുടര്‍ നടപടി ആര്‍ക്കും അറിയില്ലെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ വിമര്‍ശനം. ചെറിയാന്റെ ഇപ്പോഴത്തെ നിലപാടിന്റെ കാരണം അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രാജ്യസഭാ സീറ്റ് നിഷേധിച്ചത് മുതല്‍ ഉടക്കി നില്‍ക്കുന്ന ചെറിയാനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്ന ഇടത് നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനത്തില്‍ കടുത്ത അതൃപ്തരാണ്.
കോണ്‍ഗ്രസിലേക്ക് ചെറിയാന്‍ മടങ്ങുന്നു വെന്ന അഭ്യുഹങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ചെറിയാന്‍ ഫിലിപ്പ് ഒന്നും ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല.