തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
തെക്കന്‍ തമിഴ്നാടിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് ശക്തമായ മഴയ്ക്ക് കാരണം. മലയോര മേഖലകളിലും ദുരന്ത സാധ്യതാ മേഖലകളിലും അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്. തീക്കോയ് 30 ഏക്കറിലും, മംഗളഗിരിയിലും മണ്ണിടിഞ്ഞു. ആളപായമില്ല. മഴയില്‍ മീനച്ചിലാറ്റിലും, മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നെങ്കിലും ഒരിടത്തും അപകടനിലയില്‍ എത്തിയിട്ടില്ല. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് അപകട ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.