സോള്‍: ആയുധ പരീക്ഷണങ്ങളുമായി ഉത്തര കൊറിയ വെല്ലുവിളി ഉയര്‍ത്തുന്നതിനിടെ ആദ്യത്തെ ആഭ്യന്തര ബഹിരാകാശ റോക്കറ്റായ 'നൂറി 'യുടെ വിക്ഷേപണത്തിലൂടെ ദക്ഷിണ കൊറിയ കൈവരിച്ചത് നിര്‍ണ്ണായക നേട്ടമെന്ന് ശാസ്ത്ര ലോകം. കൊറിയന്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ടൂ എന്നറിയപ്പെടുന്ന നൂറിയുടെ വിക്ഷേപണം സിയോളിന് തെക്ക് 500 കിലോമീറ്റര്‍ അകലെയുള്ള ഗോഹൂങ്ങില്‍ നിന്നായിരുന്നു വെന്ന് പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ അറിയിച്ചു. റോക്കറ്റിന്റെ യാത്ര വിജയകരമായിരുന്നെങ്കിലും ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
സാങ്കേതിക രംഗത്ത് മുന്‍പിലാണെങ്കിലും ബഹിരാകാശ, ശാസ്ത്ര മേഖലകളില്‍ ദക്ഷിണ കൊറിയയ്ക്ക് സ്വന്തം മേല്‍വിലാസമുണ്ടാക്കാനായിട്ടില്ല. 2009 ലും 2010 ലും സ്വന്തമായി റോക്കറ്റ് വിക്ഷേപിക്കാനുളള ശ്രമങ്ങള്‍ ദക്ഷിണ കൊറിയ നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. രണ്ടാം ശ്രമത്തില്‍ പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2030 ഓടെ ചന്ദ്രനിലേക്ക് ബഹിരാകാശപേടകം അയയ്ക്കാനാണ് ദക്ഷിണ കൊറിയ ലക്ഷ്യമിടുന്നത്.
അടുത്തിടെ ഹൈപ്പര്‍സോണിക് ദീര്‍ഘദൂര മിസൈല്‍ പരീക്ഷണങ്ങള്‍ കഴിഞ്ഞ ആഴ്ചകളിലും ഉത്തര കൊറിയ നടത്തിയിരുന്നു. അന്താരാഷ്ട്ര ഉപരോധങ്ങള്‍ കാറ്റില്‍ പറത്തിയാണ് പല ആയുധങ്ങളുടെയും പരീക്ഷണം.ദക്ഷിണ കൊറിയ നൂറിക്കായി 2 ട്രില്യണ്‍ വോന്‍ (കൊറിയന്‍ കറന്‍സി) ആണ് ചെലവാക്കിയത്.1.6 ബില്യണ്‍ ഡോളര്‍ വരും ഇത്. 200 ടണ്‍ ഭാരവും 47.2 മീറ്റര്‍ നീളവുമുള്ള ആറ് ദ്രാവക ഇന്ധന എന്‍ജിനുകളാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. 2027 ഓടെ നൂറിയുടെ നാല് വിക്ഷേപണങ്ങള്‍ കൂടി നടത്താന്‍ ദക്ഷിണ കൊറിയ പദ്ധതിയിടുന്നതായി വിക്ഷേപണത്തിന് മേല്‍നോട്ടം വഹിക്കുന്ന കൊറിയ എയ്റോസ്പേസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.