വാഷിംഗ്ടണ്‍: അമേരിക്കയുടെ പ്രതിരോധരംഗത്തെ ചില പരീക്ഷണങ്ങള്‍ സമീപകാലത്തു പരാജയപ്പെട്ടതായി സമ്മതിച്ച് പെന്റഗണ്‍.അതേസമയം, ഹൈപ്പര്‍ സോണിക് ആയുധ പരീക്ഷണം പരാജയപ്പെട്ടതായുള്ള നീരിക്ഷണം ശരിയല്ലെന്നും മിസൈല്‍ ബൂസ്റ്ററിന്റെ പരീക്ഷണമാണ് മികവ് പുലര്‍ത്താതിരുന്നതെന്നും പ്രതിരോധ ഗവേഷണ കേന്ദ്രം ചൂണ്ടിക്കാട്ടി.
അമേരിക്കയുടെ ഹൈപ്പര്‍സോണിക് പദ്ധതി മുടക്കമില്ലാതെ പുരോഗമിക്കുകയാണ്.അതിന്റെ ആദ്യഘട്ടം 2020 മാര്‍ച്ച് 20ന് പരീക്ഷിച്ച് വിജയിച്ചതാണ്. കഴിഞ്ഞ ജൂലൈയിലാണ് മിസൈല്‍ ബൂസ്റ്റര്‍ സംവിധാനം പരാജയപ്പെട്ടത്. നാവികസേനയുടെ ഭാഗമായാണ് ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം നടക്കുന്നത്.
അലാക്സ കേന്ദ്രീകരിച്ച് പസഫിക് സ്പേസ്പോര്‍ട്ട് കോംപക്സില്‍ നടന്ന സുപ്രധാന യോഗത്തിലാണ് പെന്റഗണ്‍ പ്രതിനിധി പുതിയപരീക്ഷണങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മിസൈല്‍ ബൂസ്റ്റര്‍ സംവിധാനം പ്രതീക്ഷിച്ചത്ര മികവ് പുലര്‍ത്തിയില്ല. ഹൈപ്പര്‍ സോണിക് മിസൈല്‍ സംവിധാനത്തിന്റെ ആദ്യഘട്ട പരീക്ഷണം അതിനാല്‍ തന്നെ മാറ്റിവക്കേണ്ടി വന്നിരിക്കുകയാണ്.' പെന്റഗണ്‍ പ്രതിനിധി അറിയിച്ചു.
കരസേനയും നാവികസേനയും സംയുക്തമായി നടത്തിയ സമീപകാല മിസൈല്‍ പരീക്ഷണങ്ങള്‍ വലിയ വിജയമായിരുന്നുവെന്നും പെന്റഗണ്‍ വിശദീകരിച്ചു. കരസേനയുടെ അതിദൂര ഹൈപ്പര്‍സോണിക് മിസൈല്‍ സംവിധാനം ലോകത്തിലെ തന്നെ ഏറ്റവും പ്രഹരശേഷിയുള്ളതാണെന്നും പെന്റഗണ്‍ വ്യക്തമാക്കി.