കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷ ആഘാതം ഏല്‍ക്കേണ്ടിവരുന്ന 11 രാജ്യങ്ങളില്‍ ഇന്ത്യയും

കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷ ആഘാതം ഏല്‍ക്കേണ്ടിവരുന്ന 11 രാജ്യങ്ങളില്‍ ഇന്ത്യയും



വാഷിങ്ടണ്‍: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ തിരിച്ചടി സമീപ ഭാവിയില്‍ ഏല്‍ക്കേണ്ടിവരുന്ന 11 രാജ്യങ്ങളില്‍ ഇന്ത്യയും. അമേരിക്കയുടെ രഹസ്യ അന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. അടുത്തമാസം ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായാണ് പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കാലാവസ്ഥാ വ്യതിയാനം ഇതുപോലെ തുടര്‍ന്നാല്‍ പലയിടത്തും ഗുരുതര പ്രതിസന്ധി ഉറപ്പാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.ഇന്ത്യ അടക്കം 11 രാജ്യങ്ങളും രണ്ട് മേഖലകളുമാണ് രൂക്ഷമായ വിപത്തുകള്‍ നേരിടുക. ഇന്ത്യയെ കൂടാതെ പട്ടികയില്‍ ഉള്ള ഏഷ്യന്‍ രാജ്യങ്ങള്‍ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഇറാഖ്, മ്യാന്‍മര്‍, ഉത്തര കൊറിയ എന്നവയാണ്. ഗ്വാട്ടിമല, ഹെയ്തി, ഹോണ്ടുറാസ്, നിക്കരാഗ്വ, കൊളംബിയ എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്.

കാലാവസ്ഥാ വ്യതിയാനം ദേശിയ സുരക്ഷയെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന വിഷയത്തില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ശൃംഖലയിലെ 18 ഏജന്‍സികള്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മധ്യ ആഫ്രിക്ക, പസഫിക്കിലെ ചെറിയ രാജ്യങ്ങള്‍ എന്നിവയും ഗുരുതരമായ പ്രതിസന്ധിയെ നേരിടേണ്ടിവരും. ഊര്‍ജം, ഭക്ഷണം, ജലം, ആരോഗ്യം, സുരക്ഷ എന്നീ വിഷയങ്ങളില്‍ ഈ രാജ്യങ്ങളെ സങ്കീര്‍ണ്ണ പ്രശ്‌നങ്ങളാണ് വലയം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 12 വരെ, ഇറ്റലിയുടെ കൂടി സഹകരണത്തോടെ, ബ്രിട്ടന്‍ ആതിഥേയത്വം വഹിക്കുന്ന ' cops 26' (കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് 26) പല കാരണങ്ങള്‍കൊണ്ടും സുപ്രധാനമാണ്. ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായി IPCC പുറത്തിറക്കിയ ആറാം വിലയിരുത്തല്‍ റിപ്പോര്‍ട്ട് മനുഷ്യഭാവിയെ സംബന്ധിച്ച പല ഗൗരവമായ മുന്നറിയിപ്പുകളും നല്‍കുന്നുണ്ട്.

പ്രകൃതിയും ശാസ്ത്രലോകവും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളും നയരൂപവത്കരണ വിദഗ്ധരും കാലാവസ്ഥാ ശാസ്ത്രജ്ഞരും ആക്ടിവിസ്റ്റുകളും അടങ്ങുന്ന ആഗോളസമൂഹം ബ്രിട്ടനിലെ ഗ്ലാസ്‌ഗോവില്‍ ഇത്തവണ ഒത്തുചേരുന്നത്. ലോകത്തിന്റെ ഭാവിയില്‍ ആശങ്കയുള്ളവരെല്ലാം ഈ വര്‍ഷം നടക്കാനിരിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു.

രചനാത്മക നീക്കങ്ങള്‍ അനിവാര്യം

കാലാവസ്ഥാ പ്രതിസന്ധിയെ മറികടക്കാമെന്ന ചിന്തയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തെ സംബന്ധിച്ചുള്ള നെറ്റ് സീറോ പ്രതിജ്ഞകള്‍ പ്രഖ്യാപിക്കുന്നതില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ് വിവിധ രാജ്യങ്ങള്‍. എന്നാല്‍ ഈ പ്രതിജ്ഞകള്‍ നിറവേറ്റാനാവശ്യമായ നയപരമായ വ്യക്തതയോ അവ നടപ്പാക്കുന്നതിനുള്ള പ്രായോഗിക കര്‍മപദ്ധതികളോ ഒന്നുംതന്നെ രാഷ്ട്രങ്ങളുടെ മുന്നിലില്ല എന്നത് ആഗോള കാര്‍ബണ്‍ ബജറ്റും ലക്ഷ്യങ്ങളും തമ്മിലുള്ള വിടവ് ഓരോ വര്‍ഷവും വര്‍ധിക്കുന്നതിന് ഇട നല്‍കുന്നു. വര്‍ധിച്ചുവരുന്ന ഈയൊരു വിടവ്, ആരോഗ്യ പ്രശ്നം, ഭക്ഷ്യ-ജല സുരക്ഷ ഇവയൊക്കെച്ചേര്‍ന്ന് ഉടലെടുക്കുന്ന ഉത്പാദനഷ്ടം, സാമ്പത്തിക തകര്‍ച്ച എന്നിവയിലേക്ക് ആഗോള സമൂഹത്തെ കൊണ്ടുചെന്നെത്തിക്കും. കാലാവസ്ഥാ പ്രതിസന്ധിയെ മറികടക്കാന്‍ നയപരമായ തീരുമാനങ്ങളും പ്രായോഗിക കര്‍മപദ്ധതികളുമാണ് ആവിഷ്‌കരിക്കേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു.

പാരീസ് ഉടമ്പടി ലക്ഷ്യങ്ങള്‍ പാളി

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുന്നതില്‍ ലോകരാഷ്ട്രങ്ങളുടെ അലംഭാവപൂര്‍ണമായ സമീപനം ഗുരുതരമായ സാഹചര്യങ്ങളിലേക്ക് ആഗോളസമൂഹത്തെ എത്തിക്കുമെന്ന് പരക്കെ വിലയിരുത്തപ്പെടുന്നു. പാരീസ് ഉടമ്പടിലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ ലോകം അപകടകരമായ പാതയിലാണ്; അതുകൊണ്ടുതന്നെ അപകടസാധ്യത കൂടിക്കൊണ്ടിരിക്കുന്നു; അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വരും ദശകങ്ങളില്‍ ആഘാതം വിനാശകരമായിരിക്കും തുടങ്ങിയ മൂന്ന് നിര്‍ണായക കാര്യങ്ങളാണ് ഇതില്‍ പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.

നൂറ്റാണ്ടിന്റെ അവസാനത്തോടെ 2.7 ഡിഗ്രി താപവര്‍ധന സാധ്യതയാണ് മിതമായ കണക്കുകൂട്ടലുകളിലെ നിഗമനം. എന്നാല്‍ താപവ്യതിയാനത്തില്‍ 3.5 ഡിഗ്രി ഉയര്‍ച്ച സംഭവിക്കാനുള്ള സാധ്യത പത്തു ശതമാനം അധികമാണെന്നും വിലയിരുത്തപ്പെടുന്നു. ഈ സാധ്യതകളൊക്കെയും രാഷ്ട്രങ്ങള്‍ സ്വയം പ്രഖ്യാപിച്ച കാര്‍ബണ്‍ കുറയ്ക്കല്‍ നയം അതേപടി പിന്തുടരുന്നെങ്കില്‍ മാത്രമാണ്. അതില്‍ വീഴ്ച വരുത്തിയാലുള്ള പ്രത്യാഘാതങ്ങള്‍ പറയാനാകാതെ വരും. നിലവിലെ കാര്‍ബണ്‍ സ്ഥിതി അതേപടി പിന്തുടര്‍ന്നാല്‍ തന്നെയും പാരീസ് ഉടമ്പടി അനുസരിച്ചുള്ള 1.5 ഡിഗ്രി എന്ന ലക്ഷ്യത്തിലെത്താനുള്ള സാധ്യത ഒരു ശതമാനം മാത്രമാണ്.

താപ തീവ്രതാ മരണം ദശലക്ഷങ്ങളാകും

താപവ്യതിയാനത്തിലെ വര്‍ധന 2019-ല്‍ മാത്രം ലോകത്തൊട്ടാകെ 300 ബില്യണ്‍ തൊഴില്‍ മണിക്കൂറുകള്‍ നഷ്ടമാക്കിയെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 2000 ത്തേക്കാള്‍ 52 ശതമാനം അധികമാണ് തൊഴില്‍മേഖലയില്‍ സംഭവിച്ച ഈ നഷ്ടം. അതിതീവ്ര ചൂട് കാരണമുള്ള മരണം കഴിഞ്ഞ രണ്ട് ദശകത്തില്‍ 54 ശതമാനമായി വര്‍ധിക്കുകയുണ്ടായി. 2018 ല്‍മാത്രം ആഗോളതലത്തില്‍ 2,96,000 മരണമാണ് ഇത്തരത്തില്‍ ഉണ്ടായിട്ടുള്ളത്. ഇതേവര്‍ഷം ഇന്ത്യയില്‍ മാത്രം 31,000 മരണമാണ് ചൂട് തരംഗങ്ങള്‍ കാരണം സംഭവിച്ചത്. താപനിലയിലെ വര്‍ധന തുടരുകയാണെങ്കില്‍ 2040 ആകുമ്പോഴേക്കും ആഗോള ജനസംഖ്യയില്‍ പാതിയോളം താപതീവ്രതയുടെ ഇരകളായിരിക്കുമെന്നും പ്രതിവര്‍ഷ മരണനിരക്ക് ഒരു കോടിയോളം വരുമെന്നും കണക്കാക്കപ്പെടുന്നു.

വരള്‍ച്ച, വെള്ളപ്പൊക്കം എന്നിവ കാരണം ഈയടുത്തകാലത്തുമാത്രം നഷ്ടമായ കാര്‍ഷികവിളകളുടെ അളവ് 20 മുതല്‍ 50 ശതമാനം വരെയാകാമെന്ന് കണക്കാക്കിയിരിക്കുന്നു. പ്രാദേശികമായുണ്ടാകുന്ന താപവ്യതിയാനങ്ങള്‍ക്കും വെള്ളപ്പൊക്ക തീവ്രതയ്ക്കും അനുസരിച്ച് വിളനാശത്തില്‍ വ്യത്യാസമുണ്ടായിരിക്കും. ഭാവിയിലെ ജനങ്ങളെ അടക്കം തീറ്റിപ്പോറ്റുന്നതിനായി 2050 ആകുമ്പോഴേക്കും ആഗോള ഭക്ഷ്യോത്പാദനത്തില്‍ 50 ശതമാനത്തിലധികം വര്‍ധന വേണ്ടിവരും.

കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത കുറയ്ക്കാന്‍ സാധിക്കുന്നില്ലായെങ്കില്‍ കാര്‍ഷികോത്പാദനത്തില്‍ 30 ശതമാനം ഇടിവ് സംഭവിക്കും.കലോറി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കൃഷിചെയ്യുന്ന ഭക്ഷ്യവിളകള്‍ നെല്ലും ഗോതമ്പുമാണ്. ആഗോളതലത്തില്‍ കാര്‍ഷികഭൂമിയുടെ 35 ശതമാനവും ഈ രണ്ടുവിളകളും കൃഷി ചെയ്യുന്നതിനാണ് നീക്കിവെച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഏഷ്യന്‍ രാജ്യങ്ങളിലെ നെല്ല്, ഗോതമ്പ് വിളകളെ വലിയതോതില്‍ ബാധിക്കാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.

ഭക്ഷ്യസുരക്ഷയെ എന്നപോലെ ജലസുരക്ഷയുടെ കാര്യത്തിലും വലിയ ആശങ്കകളാണ് നിലനില്‍ക്കുന്നത്. വര്‍ഷങ്ങള്‍ കഴിയുന്തോറും വരള്‍ച്ചദിനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. 2040 ആകുമ്പോഴും അതിതീവ്ര വരള്‍ച്ചാ പ്രതിഭാസം ആറുമാസം വരെ നീളും. അതിവൃഷ്ടി, പ്രളയം തുടങ്ങിയവയുടെ എണ്ണത്തില്‍ 23 ശതമാനം വര്‍ധനയാണ് 2020 ല്‍മാത്രം സംഭവിച്ചത്. പ്രളയവുമായി ബന്ധപ്പെട്ട മരണനിരക്കിലും 18 ശതമാനം വര്‍ധനയുണ്ടായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.