മെക്സികോ സിറ്റി: മെക്സികോയിലെ റിസോര്‍ട്ടില്‍ ലഹരിസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പില്‍ ഇന്ത്യന്‍ ട്രാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ രണ്ടു വിദേശികള്‍ കൊല്ലപ്പെട്ടു. കലിഫോര്‍ണിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജയായ അഞ്ജലി റയോട്ട് (25) ആണ് വെടിവയ്പില്‍ മരിച്ചത്. അഞ്ജലിയെ കൂടാതെ ജര്‍മന്‍ വംശജനും കൊല്ലപ്പെട്ടു.
ബുധനാഴ്ച രാത്രി 10.30-നാണ് തുളുമിലെ ഒരു റിസോര്‍ട്ടില്‍ വെടിവയ്പ് ഉണ്ടായത്. തന്റെ പിറന്നാള്‍ ആഘോഷിക്കാനായി എത്തിയതായിരുന്നു അഞ്ജലി. വിനോദ സഞ്ചാരികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നാലുപേര്‍ അവിടെയെത്തുകയും വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് സ്പാനിഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
അഞ്ജലിയുടെ ഇന്‍സ്റ്റഗ്രാമില്‍ ഹിമാചല്‍ പ്രദേശില്‍നിന്നുള്ള ബ്ലോഗര്‍ എന്നാണ് കുറിച്ചിരിക്കുന്നത്. കലിഫോര്‍ണിയയിലെ സാന്‍ ജോസിലാണ് താമസം. യാഹൂവില്‍ ജോലി ചെയ്തിരുന്ന അഞ്ജലി, കഴിഞ്ഞ ജൂലൈ മുതല്‍ ലിങ്ക്ഡ് ഇന്നില്‍ സീനിയര്‍ സൈറ്റ് റിലയബിലിറ്റി എന്‍ജിനീയറായി ജോലി ചെയ്തുവരികയായിരുന്നു.