സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; 27 വരെ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; 27 വരെ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മധ്യ, തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ പെയ്യും‌. 27 വരെ ഇടിമിന്നലോടുകൂടിയ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്ന 26-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പ്.

ഇന്ന് ഉച്ചയ്ക്ക് ശേഷം വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. കുറഞ്ഞ സമയത്തിനുള്ള കൂടുതല്‍ മഴ ലഭിക്കുന്ന തരത്തിലാകം ഇന്നും മഴ. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ ഇന്നും കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക് ഉയരുകയാണ്. 136.8 അടിയാണ് നിലവിലെ ജലനിരപ്പ്. നിലവില്‍ 5650 ഘനയടി വെള്ളമാണ് ഓരോ സെക്കന്റിലും ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 142 അടിയാണ് ഡാമിന് താങ്ങാവുന്ന പരമാവധി സംഭരണ ശേഷി. ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ് 2398.26 അടിയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.