ആകാശത്തിനു താഴെ ഒരേയൊരു വീട്

ആകാശത്തിനു താഴെ ഒരേയൊരു വീട്

പ്രപഞ്ചം ഒരു പക്ഷിക്കൂടാണെന്നുള്ള കവി സങ്കല്‍പവും ആധുനിക ലോകം ഒരു ആഗോള ഗ്രാമമാണെന്നുള്ള ശാസ്ത്രഭാഷ്യവും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, ഏകലോക ബോധമുള്ള ഒരു നവയുഗപ്പിറവിയാണ്. ശാസ്ത്രവും സാങ്കേതിക വിദ്യകളും മനുഷ്യനെ അവനവനു ചുറ്റും നടക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍, ആകാശമെന്ന മേല്‍ക്കുരയ്ക്കു കീഴിലെ ഭൂമി എന്ന വലിയ വീടിന്റെ വ്യത്യസ്ത മുറികളില്‍ താമസിക്കുന്ന സഹോദരങ്ങളാണ് വ്യത്യസ്ത രാഷ്ട്രങ്ങള്‍, എന്ന വിശ്വകുടുംബസങ്കല്‍പം ഉയര്‍ത്തിപ്പിടിക്കുന്ന അന്താരാഷ്ട്ര സംവിധാനമാണ് 1945 ഒക്ടോബര്‍ 24-നു രൂപംകൊണ്ട ഐക്യരാഷ്ട്ര സംഘടന. ഒക്ടോബര്‍ 24-ന് ലോകം ഐക്യരാഷ്ട്രദിനമായി ആചരിക്കുന്നു.

ലോകം എല്ലാവര്‍ക്കും ജീവിക്കാന്‍ കഴിയുന്ന ഒരു നല്ലയിടമാക്കുകയെന്ന സ്വപ്നവുമായി മനു ഷ്യകുലത്തിന്റെ നിലനില്‍പ്പിനെ വെല്ലുവിളിക്കുന്ന പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞു പരിഹരിക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ സ്ഥാപന ലക്ഷ്യം,

എന്തൊക്കെയാണ് യു.എന്‍.ഒ.യുടെ പ്രവര്‍ത്തനമേഖലകള്‍?

ലോകം മുഴുവനുമുള്ള എല്ലാ മനുഷ്യന്റെയും അവകാശസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, എയ്ഡ്‌സ് ബോധവത്കരണം ഉള്‍പ്പെടെയുള്ള രോഗപ്രതിരോധം, ദാരിദ്ര്യ നിര്‍മാര്‍ജനം, അന്താരാഷ്ട്ര വാര്‍ത്താവിനിമയ വികസനം, ഭീകരതയ്ക്കും മയക്കുമരുന്നിനുമെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി, അഭയാര്‍ഥി സംരക്ഷണംവരെ സ്വന്തം ദാത്യമായി സ്വീകരിക്കുന്ന ഐക്യരാഷ്ട്ര സംഘടനയില്‍ ലോകം മുഴുവനുമുള്ള 200-ഓളം രാഷ്ട്രങ്ങള്‍ അംഗങ്ങളാണ്.

കൂട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന യുനിസെഫ് (UNICEF), ലോക ഭക്ഷ്യപരിപാടി (UNEP), മാനവ പുനരധിവാസ പരിപാടി (HABITAT), ലോക വ്യാപാരസംഘടന (WTO) തുടങ്ങി പല പോഷകസംഘടനകള്‍ യു.എന്‍.ഒയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യൂണിസെഫിന്റെ നേതൃ ത്വത്തില്‍ 160-ലേറെ രാജ്യങ്ങളിലായി കുട്ടികളുടെ സമ്രഗവികസനത്തിനായി വിവിധ പരിപാടികള്‍ നടത്തുന്നുണ്ട്.

ഇന്നു യു.എന്‍.ഒയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍, സമാധാന സ്ഥാപനം (Peace Building) സമാധാന പാലനം (Peace keeping) എന്നീ രണ്ടു മേഖലകളിലാണ് കുടുതല്‍ പ്രതിഫലിക്കുന്നത്.

സഹോദരസംഘടനകളുടെയും സമാധാനകാംക്ഷികളായ രാഷ്ട്രങ്ങളുടെയും സഹായ ത്തോടെ അസമാധാനത്തിന്റെ അഗ്‌നി പടരുന്ന അതിര്‍ത്തികളിലേക്ക് പറന്നിറങ്ങുന്ന വെള്ളരിപ്രാ വാണ് യു.എന്‍.ഒ. 1962-ലെ ക്യൂബന്‍ മിസൈല്‍ സംഘര്‍ഷം, 1988-ലെ മധ്യകിഴക്കന്‍ മേഖലാ സംഘര്‍ഷം, 1989-ലെ ഇറാന്‍, ഇറാഖ് യുദ്ധം, 1990-കളില്‍ കംബോഡിയായിലും എല്‍സാല്‍വദോറിലും ഗ്വാട്ടിമാലായിലും മൊസാംബിക്കിലുമുണ്ടായ ആഭ്യന്തരകലാപം എന്നീ അപായമേഖലകളിലെല്ലാം സമാധാനസ്ഥാപനത്തിനു നേതൃത്വംകൊടുത്തത് ഐക്യരാഷ്ട്ര സഭയാണ്.

സമാധാനപാലനത്തിനായി വിവിധ രാഷ്ട്രങ്ങളിലെ ലക്ഷക്കണക്കിനു പടയാളികള്‍ ഐക്യ രാഷ്ട്രസഭയുടെ കീഴിലുണ്ട്. 1945 മുതല്‍ നൂറുകണക്കിനു കോളനി രാജ്യങ്ങളെ സ്വതന്ത്രരാഷ്ട്രങ്ങളാക്കാന്‍ യു.എന്‍. നേതൃത്വം നല്‍കി.
ലോകസമാധാന സ്ഥാപനത്തിനും സമാധാനപാലനത്തിനും ലോകക്ഷേമത്തിനുമുള്ള ഐക്യരാഷ്ട്ര സഭയുടെ പരിപാടികളില്‍ വിദ്യാര്‍ഥികളെന്ന നിലയില്‍ നമുക്കും സഹകരിക്കുകയും ക്രിയാത്മകമായ അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യാം.

ലോകം മുഴുവന്‍ സുഖം പകരാനായ്‌...


യുദ്ധവും ഭീകരമായ തീവ്രവാദവും വര്‍ണവിവേചനവും മനുഷ്യക്കടത്തുമൊന്നുമില്ലാത്ത, ശാന്തിയും സമാധാനവും സദാ പൂത്തുലയുന്ന ഒരു നവലോക സങ്കല്പം! രാജ്യങ്ങള്‍ തമ്മില്‍ പങ്കു വയ്പും പരസ്പരധാരണയും പുലരുന്ന പ്രസന്നമായ ഒരു പുലര്‍കാലം! ലോകം മുഴുവനും സുഖം പകരുന്ന ഈ സ്വപ്നം സാക്ഷത്കൃതമായിട്ട്‌ 66 വര്‍ഷങ്ങള്‍ തികയുകയാണ്‌. ലോകസമാധാനം ലക്ഷ്യമിട്ട്‌ 51 രാഷ്ട്രങ്ങള്‍ ചേര്‍ന്നു 1945 ഒക്ടോബര്‍ 24-നാണു ഐക്യരാഷ്ട്രസംഘടനയ്ക്കു രൂപം നൽകിയത്. ഇന്നു 193 അംഗരാഷ്ട്രങ്ങൾ കൈകോര്‍ക്കുമ്പോള്‍ സുസ്ഥിരമായ ഒരു ലോക നീതിന്യായവ്യവസ്ഥയുടെ ഊടുംപാവും ആകുകയാണ്‌ യു.എന്‍.ഒ ഒക്ടോബര്‍ 24-നു ലോകം ഐക്യരാഷ്ട്രസഭാ ദിനമായി ആചരിക്കുകയാണ്‌.

രണ്ടാം ലോകമഹായുദ്ധം ചവച്ചുതുപ്പിയിട്ട യൂറോപ്പിന്റെ വിണ്ടുകീറിയ സമൂഹമനസിലെ മുറിവുണക്കാനുള്ള ദുഷ്കരമായ യത്നവുമായാണ്‌, സാന്‍ഫ്രാന്‍സിസ്‌കോയില്‍ ലോകം ഐക്യരാഷ്ട്രസംഘടന എന്ന സമാധാന പ്രാവിനെ അടവച്ചുവിരിയിച്ചത്‌. യുദ്ധം തിന്നുതീര്‍ത്ത സമാധാനവും ശാന്തിയും മനുഷ്യഹൃദയങ്ങളില്‍ വീണ്ടും മുളപ്പിക്കാനുള്ള ശ്രമങ്ങളെ വൃഥാവിലാക്കിക്കൊണ്ടാണു ഹിരോഷിമയും നാഗാസാക്കിയും വെന്തുവെണ്ണീറായത്‌. ലോകത്തിന്റെ അധീശബോധത്തിന്റെ ആര്‍ത്തിത്തീയില്‍, ഹിരോഷിമയും നാഗാസാക്കിയും രണ്ടു ചൂട്ടുകറ്റകള്‍ പോലെ കത്തിത്തീര്‍ന്നപ്പോള്‍, കാലത്തിന്റെ കണ്ണില്‍ ക്രൂരതയുടെ വെണ്ണീറുവീഴ്തിയ നീറ്റല്‍ നീങ്ങാന്‍ വീണ്ടും നീണ്ട കാലമെടുത്തു. അങ്ങനെ യുദ്ധരോഗം ബാധിച്ച ലോകത്തിന്റെ ദുരവസ്ഥയ്ക്കുള്ള തീവ്രപരി ചരണ വിഭാഗമായാണു യുഎന്‍ഒ പ്രത്യക്ഷമാകുന്നത്. ചൈന, ഫ്രാന്‍സ്‌, റക്ഷ്യ (സോവിയറ്റ്‌ യൂണി യന്‍), ബ്രിട്ടണ്‍, അമേരിക്ക എന്നീ പഞ്ചശക്തികളിലെ പഞ്ചഗുസ്തിക്കളികള്‍കൊണ്ട്‌ അലപ്മൊക്കെ നിറം മങ്ങിയെങ്കിലും, കഴിഞ്ഞ ആറര പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തനംകൊണ്ട്‌ ഐക്യരാഷ്ട്ര സംഘടന ലോക സമാധാന സംസ്ഥാപനത്തിന്റെ ഒന്നാംനിര നേതൃത്വമായി മാറി.

ഐക്യരാഷ്ട്രസംഘടന, ലോകത്തിലെ ആദ്യത്തെ അന്താരാഷ്ട്രസംഘടയല്ല. 1865-ല്‍ തുടക്കമിട്ട അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷന്‍ യൂണിയനാണ്‌ ഈ നിരയില്‍ ഒന്നാമത്തേത്‌. 1874-ല്‍ ലോക ടെലിഗ്രാഫ്‌ യൂണിയനും 1899-ല്‍ ഹേഗില്‍ ചേര്‍ന്ന അന്താരാഷ്ട്രസമാധാന സമ്മേളനവും 1902-ല്‍ തുടങ്ങിയ, അന്താരാഷ്ട്ര പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വ്യവഹാരകോടതിയും എല്ലാം ഐക്യരാഷ്ട്ര സംഘടനയുടെ മുന്‍ഗാമികളായിരുന്നു. എന്നാല്‍, ഒന്നാം ലോകമഹായുദ്ധകാലത്തു രൂപംകൊണ്ട 1919-ലെ ലീഗ്‌ ഓഫ്‌ നേഷന്‍സ്‌ ആണ്‌ അന്താരാഷ്ട്രസഹകരണത്തിലൂടെ സമാധാനവും സുരക്ഷിതത്വവും എന്ന ലക്ഷ്യം വ്യക്തമായി അവതരിപ്പിച്ചത്‌. ഇതിന്റെ തുടര്‍ച്ചയാണ്‌ 51 സമാധാന സ്‌നേഹികളായ രാജ്യങ്ങള്‍ കൈകോര്‍ത്ത്‌ 1945-ല്‍ ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ചത്‌. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്രാങ്ക്ളിന്‍ ഡി റൂസ് വെല്‍റ്റ്‌ ആണ്‌ യുണൈറ്റഡ്‌ നേഷന്‍സ്‌ എന്ന്‌ ഈ സംഘടയ്ക്ക്‌ പേരിട്ടത്‌. യു.എന്‍ പ്രവര്‍ത്തിക്കുന്നത്‌ അതിന്റെ വിവിധ ശാഖ കളിലൂടെയാണ്‌. 19 അധ്യായങ്ങളും 111 വിഭാഗങ്ങളുമുള്ള യു.എന്‍ ചാര്‍ട്ടറില്‍ വിഭാവനം ചെയ്തിട്ടുള്ളതനുസരിച്ചാണ്‌ യൂണിസെഫും യുനെസ്‌കോയും ലോകാരോഗ്യ സംഘടനയും ലോകസമാധാന സേനയുമെല്ലാം പ്രവര്‍ത്തിക്കുന്നത്‌.

ഐക്യരാഷ്ട്രസംഘടനയുടെ തലവന്‍ സെക്രട്ടറി ജനറല്‍ എന്നറിയപ്പെടുന്നു. കോഫി അന്നന്‍ സെക്രട്ടറി ജനറല്‍ ആയിരുന്ന 2001-ല്‍ സംഘടനയ്ക്ക്‌ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും ലഭിച്ചു. അന്റോണിയോ ഗുട്ടരസ്‌ ആണ്‌ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി. ഒമ്പതാമത്തെ യു. എന്‍. സെക്രട്ടറി ജനറലാണ്‌ അദ്ദേഹം.

130 രാജ്യങ്ങളില്‍ നിന്നുള്ള 88230 സൈനികരുള്ള സമാധാന സേനയാണ്‌ ഐക്യരാഷ്ട്രസഭയുടെ മുഖഭാഷ അടയാളപ്പെടുത്തുന്നത്‌. എവിടെ സമാധാന ധ്വംസനം സംഭവിക്കുന്നുവോ, എവിടെ ദൂര്‍ബലരാജ്യങ്ങള്‍ അധിനിവേശത്തിനിരയാകുന്നുവോ, എവിടെ പകര്‍ച്ചവ്യാധികളും മാരകരോഗങ്ങളും മനുഷ്യാരോഗ്യം കൊള്ളയടിക്കുന്നുവോ, എവിടെ പ്രകൃതിദുരന്തങ്ങള്‍ പ്രപഞ്ചഗതിയെ നിശ്ചലമാക്കുന്നുവോ അവിടെയെല്ലാം അതിവേഗം കുതിച്ചു പറന്നെത്തുന്ന സമാധാനപ്രാവായ യു.എന്‍, ഇന്നു ലോകസമാധാനത്തിന്റെ ശുഭാപ്തി വിശ്വാസമാണ്‌.

ഐക്യരാഷ്ട്ര സംഘടന കൊണ്ടുവന്നു വിളമ്പുന്ന സമാധാനമുണ്ണാന്‍ മാത്രം നാം കാത്തുനിക്കരുത്‌. എപ്പോഴാണു ഭക്ഷണപ്പൊതികളുമായി യുഎന്‍ വിമാനങ്ങള്‍ എത്തുന്നതെന്നു കാത്തിരി ക്കുന്ന ഒരു സൊമാലിയന്‍ നോട്ടം നമ്മള്‍ പരിശിലിക്കരുത്. സമാധാനം സ്വീകരിക്കുന്നവര്‍ മാത്രമാകാതെ, എവിടെ ആവശ്യമുണ്ടോ അവിടെയെല്ലാം സമാധാനത്തിന്റെയും ശാന്തിയുടെയും വിത രണക്കാരാകാന്‍ നമുക്കു കഴിയട്ടെ.

അങ്ങനെ ശാന്തിയും സമാധാനവും സാമ്പത്തിക, സാമുഹിക, സന്മാര്‍ഗിക സുരക്ഷിതത്വവുമുള്ള ഒരു നവലോക നിര്‍മിതി എന്ന യുഎന്‍ നിയോഗത്തിലേയ്ക്ക്‌ നമുക്കും ചുവടുവയ്ക്കാം.

ഫാ. റോയി കണ്ണൻചിറ സിഎംഐ എഴുതിയ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്ത ഭാഗമാണിത്. പത്തുവർഷം കൊണ്ട് എഴുതിയ ബുക്കാണിത്. സാഹിതി ഇന്റർനാഷണലിന്റെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരം പ്രപഞ്ച മാനസത്തിന് ലഭിച്ചിട്ടുണ്ട്.

ഫാ. റോയി കണ്ണൻചിറ സിഎംഐയുടെ കൂടുതൽ രചനകൾ വായിക്കുന്നതിന് : https://cnewslive.com/author/15946/1


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.