ഉമ്മുല്‍ ഖുവൈന്‍: എമിറേറ്റിലെ ബീച്ചിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ 2 പേർ മുങ്ങി മരിച്ചു.അല്‍ ബെയ്ത് അല്‍ മുത്ത് വാഹിദ് ബീച്ചിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് പോലീസ് ഓപ്പറേഷന്‍സ് റൂമില്‍ അത്യാഹിതമുണ്ടായതായി വിവരം ലഭിക്കുന്നത്. ഉടനെ തന്നെ സംഭവസ്ഥലത്തെത്തി. ആദ്യ സംഭവത്തില്‍ ഏഷ്യന്‍ സ്വദേശിയായ ഒമർ എന്നയാളാണ് മരിച്ചത്. 3 പേരെ രക്ഷപ്പെടുത്തി. ഇവരെ ഉമ്മുല്‍ ഖുവൈന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉമ്മുല്‍ ഖുവൈന്‍ ബീച്ചില്‍ തന്നെ രണ്ടാമതുണ്ടായ അപകടത്തില്‍ പെട്ട അറബ് സ്വദേശിയെ രക്ഷപ്പെടുത്തി ഷെയ്ഖ് ഖലീഫ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കാലാവസ്ഥ മോശമാണെങ്കില്‍ ബീച്ചിലിറങ്ങുന്നതടക്കമുളള വിനോദപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ബ്രിഗേഡിയർ അല്‍ ഷംസി പറഞ്ഞു. അപകടബോർഡുകളും സുരക്ഷാനിർദ്ദേശങ്ങളും ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.