സുഡാനില്‍ പട്ടാള അട്ടിമറി; പ്രധാനമന്ത്രി ഹംദോക് ഉള്‍പ്പെടെ ജനകീയ നേതാക്കള്‍ തടങ്കലില്‍

സുഡാനില്‍ പട്ടാള അട്ടിമറി; പ്രധാനമന്ത്രി ഹംദോക്  ഉള്‍പ്പെടെ ജനകീയ നേതാക്കള്‍  തടങ്കലില്‍


ഖാര്‍ട്ടോം:സുഡാനില്‍ പട്ടാള അട്ടിമറിയിലൂടെ ഇടക്കാല പ്രധാനമന്ത്രി അബ്ദുള്ള ഹംദോക് പുറത്തായി. ഹംദോക് ഉള്‍പ്പെടെ ജനകീയ പ്രസ്ഥാനങ്ങളുടെ നൂറു കണക്കിനു നേതാക്കള്‍ വീട്ടു തടങ്കലിലായെന്നാണ് റിപ്പോര്‍ട്ട്. സൈന്യം രാജ്യത്തെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. തന്ത്ര പ്രധാനമായ പാലങ്ങള്‍ അടച്ചു. പട്ടാള അട്ടിമറിക്കു പിന്തുണ പ്രഖ്യാപിച്ച് സന്ദേശം പുറപ്പെടുവിക്കാന്‍ ഹംദോക്കിനു മേല്‍ സമ്മര്‍ദം ഏറിയെന്ന് സുഡാനിലെ വാര്‍ത്താവിതരണ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

സുഡാനിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം തടവിലായിട്ടുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍. തലസ്ഥാന നഗരമായ ഖാര്‍ട്ടോമില്‍ ഉള്‍പ്പെടെ പലയിടത്തും ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നുണ്ട്. സുഡാനിലെ സമീപകാല സംഭവവികാസങ്ങളില്‍ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു. സൈന്യം ഭരണം ഏറ്റെടുത്തു എന്ന റിപ്പോര്‍ട്ടുകള്‍ ഏറെ ആശങ്ക സൃഷ്ടിക്കുന്നതായി യുഎസ് പ്രത്യേക പ്രതിനിധി ജെഫ്രി ഫെല്‍റ്റ്മാന്‍ പറഞ്ഞു.അതേസമയം, അട്ടിമറിക്കെതിരേ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് രാജ്യത്തെ ജനാധിപത്യാനുകൂലികളായ ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ദേശീയ വാര്‍ത്താ ചാനല്‍ ദേശഭക്തി ഗാനവും നൈല്‍ നദിയുടെ ദൃശ്യങ്ങളുമാണു സംപ്രേഷണം ചെയ്യുന്നത്.

2019 ല്‍ അന്നത്തെ ഭരണാധികാരിയായിരുന്ന ഒമര്‍ അല്‍ ബഷീറിനെ പുറത്താക്കിയതിന് ശേഷം പട്ടാളവും സിവിലിയന്‍ ഗ്രൂപ്പുകളും തമ്മിലുള്ള കടുത്ത മത്സരം നിലനില്‍ക്കെയാണ് ഇപ്പോള്‍ അട്ടിമറി അരങ്ങേറിയത് . ഒമര്‍ അല്‍ ബഷീറിന്റെ മൂന്ന് പതിറ്റാണ്ടുകളുടെ ഭരണത്തിന്‍ കീഴില്‍ വീര്‍പ്പുമുട്ടിയ ജനത മാസങ്ങള്‍ നീണ്ട തെരുവ് പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ബഷീറിനെ അട്ടിമറിക്കുകയും തുടര്‍ന്ന് അദ്ദേഹം ജയിലിലാകുകയും ചെയ്തു. 2023 അവസാനത്തോടെ രാജ്യം തിരഞ്ഞെടുപ്പിനെ നേരിടാനായി ഒരുങ്ങികൊണ്ടിരിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.