ദുബായ്: കഴിഞ്ഞ 24 ദിവസങ്ങള്‍ക്കുളളില്‍ എക്സ്പോ 2020 സന്ദർശിച്ചത് 1,471,314 പേരെന്ന് സംഘാടകർ. ഇതില്‍ തന്നെ മൂന്നിലൊന്ന് കുട്ടികളാണെന്നും എക്സ്പോ 2020 കമ്മ്യൂണിക്കേഷന്‍സ് സീനിയർ വൈസ് പ്രസിഡന്‍റ് സ്കോനൈദ് മക്ഗീച്ചിന്‍ പറഞ്ഞു. കുട്ടികള്‍ക്കായി കൂടുതല്‍ വിനോദ പരിപാടികള്‍ ഒരുക്കിയതിന് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കാലാവസ്ഥ കൂടി അനുകൂലമാകുന്നതോടെ കൂടുതല്‍ പേർ എക്സ്പോയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓരോ ആഴ്ചയിലും തിങ്കളാഴ്ചയാണ് എക്സ്പോയിലെത്തിയ സന്ദർശകരുടെ കണക്കുകള്‍ സംഘാടകസമിതി പുറത്തുവിടുന്നത്. വിർച്വലായി 10.8 ദശലക്ഷം പേരാണ് എക്സ്പോ കണ്ടത്. വരും ദിവസങ്ങളിലും കൂടുതല്‍ ആഘോഷപരിപാടികളാണ് എക്സ്പോയില്‍ ഒരുക്കിയിട്ടുളളത്. ഒക്ടോബർ ഒന്നിനാണ് എക്സ്പോ 2020യില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ച് തുടങ്ങിയത്.