ന്യൂഡൽഹി: കോവിഡ് 19 പ്രതിരോധ വാക്സിൻ ആയ കോവിഷീൽഡ് 2020 ഡിസംബറോടെ പുറത്തിറക്കാൻ ആയേക്കുമെന്ന് സെറം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സീ ഇ ഒ ആദാർ പൂനവാല പറഞ്ഞു. ഇതിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. യു കെ യിലെ ട്രയൽ ഡേറ്റ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.
യു കെയിൽ നിന്നുള്ള ഡേറ്റകൾ പോസിറ്റീവ് ആണെങ്കിൽ വാക്സിന് അടിയന്തര അംഗീകാരം ലഭിക്കുന്നതിനായി സെറം ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ സമീപിക്കും.
ഈ വാക്സിന് ആവശ്യമെങ്കിൽ അടിയന്തര അംഗീകാരം നൽകാൻ സാധ്യതയുള്ളതായി കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഓക്സ്ഫഡ് സർവകലാശാല അസ്ട്രാ സേനകയുടെ കോവിഷീൽഡിന്റെ മൂന്നാംഘട്ട ട്രയൽ ആണ് യുകെയിൽ നടന്നുകൊണ്ടിരിക്കുന്നത്.