ഷാർജ: ജന്മനാട് നഷ്ടമാവുമ്പോൾ എഴുത്തുകാരൻ കൂടുതൽ സർഗാത്മകത നേടുന്നുവെന്ന് യുഎയിലെ പ്രമുഖ എഴുത്തുകാരി സോണിയ റഫീഖ്. പ്രവാസ ലോകത്ത് എത്തിയ ശേഷം മലയാളിയെ ദൂരെ നിന്ന് കാണാനും വിലയിരുത്താനും അവസരം ലഭിച്ചുവെന്നും സോണിയ പറഞ്ഞു. ലുലു - ഡി സി ബുക്‌സ് റീഡേഴ്സ് വേൾഡ് എന്ന പരിപാടിയുടെ ഭാഗമായി ഷാർജ മുവൈല ലുലു ഹൈപ്പർ മാർക്കറ്റിൽ വായനക്കാരുമായി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ.
തന്‍റെ പുതിയ നോവലായ 'പെൺകുട്ടികളുടെ വീട് 'എന്ന പുസ്തകത്തിലെ ഒരു ഭാഗം സോണിയ പാരായണം ചെയ്തു. മൂന്ന് അറബ് സ്ത്രീകളുടെ ജീവിതമാണ് നോവലിന്‍റെ പ്രമേയം. ഇതിന്‍റെ രചനയ്ക്ക് വേണ്ടി എമിറേറ്റുകളുടെ സംസ്കാരം, ചരിത്രം,ഐതിഹ്യം ,കെട്ടുകഥകൾ എന്നിവയെക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയതായി കഥാകാരി പറഞ്ഞു. ചെറുകഥകൾ ചേർന്നാണ് നോവൽ രൂപപ്പെട്ടതെന്ന് അവർ പറഞ്ഞു. നവംബർ 3 മുതൽ 13 വരെ എക്സ്പോ സെന്‍ററിൽ നടക്കുന്ന ഷാർജ അന്തർദേശിയ പുസ്തകമേളയിൽ നോവലിന്‍റെ രാജ്യാന്തര പ്രകാശനം നടക്കും.ലുലു റീജിയണൽ മാനേജർ മുജീബ് അലി അഹമ്മദ് പ്രസംഗിച്ചു.മാധ്യമ പ്രവർത്തകൻ റോയ് റാഫേൽ മോഡറേറ്ററായിരുന്നു.