രാഷ്ട്രീയക്കാര്‍ക്ക് എല്ലാം തമിഴ്‌നാട്ടില്‍ ഭൂമിയുണ്ട്; മുല്ലപ്പെരിയാര്‍ പൊളിച്ചു പണിയാത്ത ഭരണാധികാരി നാടിന്റെ ശത്രു: പി സി ജോര്‍ജ്

രാഷ്ട്രീയക്കാര്‍ക്ക്  എല്ലാം തമിഴ്‌നാട്ടില്‍  ഭൂമിയുണ്ട്; മുല്ലപ്പെരിയാര്‍  പൊളിച്ചു പണിയാത്ത ഭരണാധികാരി  നാടിന്റെ ശത്രു:  പി സി ജോര്‍ജ്

കോട്ടയം: മുല്ലപ്പെരിയാര്‍ ഡാം പൊളിച്ച്‌ പണിയണമെന്ന് ആവശ്യപ്പെട്ട് പി സി ജോര്‍ജ്. ഡാം പൊളിച്ച്‌ പണിയില്ലെന്ന് പറയുന്ന ഭരണാധികാരി നാടിന്റെ ശത്രുവാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

'ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുവാന്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണം. പുതിയ ഡാം പണിയാന്‍ തയ്യാറായില്ലെങ്കില്‍ ഹര്‍ത്താല്‍ അടക്കുള്ള പ്രക്ഷോഭങ്ങള്‍ ഉണ്ടാകും. ജീവന്‍ രക്ഷിക്കാന്‍ ഏത് സമരമാര്‍ഗവും സ്വീകരിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവും. ഏതു ഡാമിനും 50 വര്‍ഷത്തില്‍ കൂടുതല്‍ ആയുസില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. എന്നാല്‍, മുല്ലപ്പെരിയാര്‍ ഡാമിന്റെ പഴക്കം 126 കൊല്ലമാണ്. ആയുസ് തീര്‍ന്നെന്ന് മാത്രമല്ല ഏതു നിമിഷവും പൊട്ടുമെന്ന നിലയിലാണെന്ന് പിസി ജോർജ് പറഞ്ഞു.

അതേസമയം ഡാം തകരുമെന്ന് ഭീതിപരത്തുന്നവരെ പിടിച്ച്‌ ജയിലിലിടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അദ്ദേഹം ഒരു തമാശക്കാരനാണെന്ന് ആദ്യമായാണ് അറിയുന്നത്. ജനകീയ വിഷയം ഉന്നയിച്ചാല്‍ അറസ്റ്റ് ചെയ്യുമെങ്കില്‍ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് പിണറായി വിജയനെയാണ്. പിണറായി തന്നെയാണ് മുല്ലപ്പെരിയാര്‍ വിഷയം ആദ്യം പറഞ്ഞത്' എന്ന് പി സി ജോര്‍ജ് കുട്ടിച്ചേത്തു.

തമിഴ്നാടിന്റെ നിലപാടിനോട് വഴങ്ങുന്ന സംസ്ഥാന സര്‍ക്കാര്‍ കേരളത്തോടും ജനങ്ങളോടും ചെയ്യുന്നത് മഹാ അപരാധമാണെന്ന് കുറ്റപ്പെടുത്തിയ പി സി ജോര്‍ജ് കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളിലെയും നേതാക്കള്‍ക്ക് തമിഴ്‌നാട്ടില്‍ ഭൂമിയുണ്ടെന്ന് ആരോപണം ഉന്നയിക്കുകയും ചെയ്തു. അതേസമയം കാലപ്പഴക്കം ചെന്ന മുല്ലപ്പെരിയാര്‍ ഡാം പൊളിച്ച്‌ പണിയണമെന്ന ആവശ്യവുമായി ഇതിനോടകം തന്നെ നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.