റോം: ജി-20 ഉച്ചകോടിക്കായി റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി പിയാസ ഗാന്ധിയിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. അധികാരമേറ്റതിന് ശേഷമുള്ള മോഡിയുടെ ആദ്യ റോം സന്ദര്‍ശന വേളയില്‍ നാളെ ഫ്രാന്‍സിസ് മാര്‍പാപ്പയുമായും കൂടിക്കാഴ്ച നടത്തും.മാര്‍പാപ്പയുടെ ലൈബ്രറി ഹാളിലായിരിക്കും കൂടിക്കാഴ്ചയെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.
യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍, റോമിലെ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ദെര്‍ ലെയെന്‍ എന്നിവരുമായി മോഡി കൂടിക്കാഴ്ച നടത്തി.റോമിലെ ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം സംവദിച്ചു. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന വിവിധ രാഷ്ട്രനേതാക്കളെ കാണുന്നുണ്ട്.12 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി റോമിലെത്തുന്നത്. 30, 31 തിയതികളിലാണ് ജി20 ഉച്ചകോടി നടക്കുക. റോം സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി യു.കെയിലേക്ക് പോകും.
'ലോകത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന ആദര്‍ശങ്ങളുള്ള മഹാത്മാവായ ബാപ്പുവിനെ സ്മരിക്കുന്നു. ഇറ്റലിയിലെ റോമിലെ പിയാസ ഗാന്ധിയിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുഷ്പാഞ്ജലി അര്‍പ്പിച്ചു'- വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.