ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണ ആവശ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പാര്‍ട്ടിയായ ഡിഎംകെയുടെ ഇടുക്കി ജില്ലാ ഘടകം. ആവശ്യം തമിഴ്‌നാട് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിക്കുമെന്നും കൂടിക്കാഴ്ചക്ക് അദ്ദേഹം സമയം അനുവദിച്ചിട്ടുണ്ടെന്നും ജില്ലാ നേതൃത്വം അറിയിച്ചു.
ഡിഎംകെയുടെ ഇടുക്കി ഘടകം ഇത് ആദ്യമായാണ് മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന ആവശ്യം മുന്നോട്ടു വയ്ക്കുന്നത്. ഇരു സംസ്ഥാനങ്ങള്‍ക്കും ദോഷകരമല്ലാത്ത തീരുമാനം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എടുക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് ഡിഎംകെയുടെ ഇടുക്കി ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.
തമിഴിനാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്ന നിലപാടാണ് തങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി നിര്‍ദ്ദേശം കണക്കിലെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഇടുക്കി ജില്ലാ നേതൃത്വം അറിയിച്ചു. അതേസമയം തമിഴ്‌നാട്ടിലെ പ്രതിപക്ഷമായ എഐഡിഎംകെയുടെ ഇടുക്കി ഘടകം ഇതുവരെയായും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.