"പിണമെന്നുള്ളത് കൈയില്‍വരുമ്പോള്‍ ഗുണമെന്നുള്ളത് ദുരത്താകും/ പണവും ഗുണവും കൂടിയിരിപ്പാന്‍ പണിയെന്നുള്ളത് ബോധിക്കേണം” എന്ന കവിസൂക്തം ഗുണമുള്ള പണവ്യവഹാരം നടത്തുവാനാണ് ആഹ്വാനം ചെയ്തത്. എന്നാല്‍, ഗുണപരമായ പണവിനിയോഗം വ്യക്തിയുടെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും സുസ്ഥിര വളര്‍ച്ചയുടെ അടിത്തറയാണെന്ന് ഉദ്ബോധിപ്പി ക്കുകയാണ് ഒക്ടോബര്‍ 31-ലെ ലോക നിക്ഷേപദിനം.
1924 ഒക്ടോബര്‍ 31-ന് ഇറ്റലിയിലെ മിലാനോയില്‍ നടന്ന അന്താരാഷ്രട നിക്ഷേപ ബാങ്ക് കോണ്‍ഗ്രസില്‍ 29 രാജ്യങ്ങള്‍ ഒത്തുചേര്‍ന്നാണ് ലോക നിക്ഷേപദിനാചരണം തുടങ്ങിയത്. 90 വര്‍ഷം പിന്നിടുമ്പോഴേക്കും ലോകം മുഴുവനും വ്യക്തിസമുഹ ജീവിതത്തില്‍ സുരക്ഷിതമായ സാമ്പത്തിക നിക്ഷേപ അവബോധത്തിലൂടെ ഭ്രദമായ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുവാനും രാജ്യരാജ്യാ ന്തര വ്യവഹാരത്തിലൂടെ ലോക പുരോഗതിക്കു വഴിയൊരുക്കാനും ഈ ദിനാചരണം കൊണ്ടു സാധിച്ചിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുണ്ടായ സാമ്പത്തിക വരള്‍ച്ചയില്‍നിന്നാണ് മിതവ്യയം ശീലമാക്കൂ, നിക്ഷേപം ഉത്സവമാക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ജനശ്രദ്ധ നേടിയത്.
“ബാങ്കിംഗ് ' എന്ന ആധുനിക നിക്ഷേപ സംവിധാനത്തിന് ബി.സി. 2000 വരെ പഴക്കമുണ്ടെന്നു ചരിത്രം തെളിയിക്കുന്നു. ധാന്യങ്ങള്‍ മറ്റു കാര്‍ഷിക ഉത്പന്നങ്ങള്‍, കന്നുകാലികള്‍ എന്നിവയുടെ കൊടുക്കല്‍ വാങ്ങലുകളിലൂടെ മനുഷ്യന്‍ കച്ചവടം തുടങ്ങിയ മെസപ്പൊട്ടോമിയായിലും അസീറി യായിലും ബാബിലോണിയായിലും സിന്ധുനദീതട നാഗരികതയിലുമാണ് ബാങ്കിംഗിന്റെ പുരാവൃത്തങ്ങള്‍ പതിഞ്ഞിട്ടുള്ളത്. പില്‍ക്കാലത്ത് ഗ്രീസും റോമന്‍ സാമ്രാജ്യവും ധനനിക്ഷേപത്തിനായി നാണയങ്ങള്‍ വിനിമയം ചെയ്തു. പ്രാചീന ചൈനയുടെയും വേദകാല ഇന്ത്യയുടെയും പുരാവസ്തുപഠനങ്ങള്‍ ധനവിനിമയത്തിന്റെ വിവിധ സമ്പ്രദായങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ആധുനിക ബാങ്കിംഗിന്റെ തുടക്കം നവോത്ഥാനകാലഘട്ടത്തില്‍ ഇറ്റലിയിലാണ്. 1695-ല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടാണ് മുദ്രപ്രതത്തിലൊപ്പുവച്ച് പണം വായ്പകൊടുക്കുന്ന സംവിധാനമാരംഭിച്ചത്. ഇക്കാലഘട്ടത്തില്‍ത്തന്നെ സെൻട്രൽ ബാങ്കിംഗ് സമ്പ്രദായവും ഇംഗ്ലണ്ടില്‍ തുടങ്ങി. രണ്ടാംലോകമഹായുദ്ധത്തിനുശേഷം 1944ലാണ് ലോക ബാങ്കിന്റെ തുടക്കം. ഇന്നു രാജ്യങ്ങള്‍ തമ്മിലും വിവിധ സമൂഹങ്ങളും വ്യക്തികളും തമ്മിലുമുള്ള ധനവിനിയോഗത്തിന്റെ അടിത്തറ വ്യക്തിപരമായ നിക്ഷേപശീലത്തിന്റെ പ്രതിഫലനമാണ്.
ഇന്ത്യയിലും കേരളത്തിലും നിക്ഷേപ മേഖലകള്‍ നിരവധിയുണ്ടെങ്കിലും നിക്ഷേപശീലമുള്ളവര്‍ ഏറെയില്ല. ഭൂവുടമകളും ഫാക്ടറി ഉടമകളും വന്‍ വ്യവസായികളും ഉദ്യോഗസ്ഥരുമുള്‍പ്പെടുന്ന വളരെ ചെറിയ ശതമാനം മാത്രം സാമ്പത്തിക ഭദ്രത ആസ്വദിക്കുമ്പോള്‍ അതിനു സാധ്യതയുള്ള തൊഴിലാളികളുള്‍പ്പെടെ മഹാഭൂരിപക്ഷം പേരും ദരിദ്രരാകുന്നത് നിക്ഷേപശീലമില്ലാത്തതുകൊണ്ടാണ്. അതി മോഹംകൊണ്ട് തട്ടിപ്പിനിരയാകുന്നവരും ദുശീലങ്ങള്‍കൊണ്ട് സമ്പത്ത് ദുര്‍വിനി യോഗം ചെയ്യുന്നവരും ഇന്നേറെയുണ്ട്. മദ്യപാനവും ദുഷിച്ച കൂട്ടുകെട്ടും തകര്‍ക്കുന്നത് സമ്പത്തു മാത്രമല്ല, കുടുംബഭദ്രതയും അതുവഴി ഒരു സമൂഹത്തിന്റെ ഭാവിഭദ്രതയുമാണ്.
ചെറിയ തുകകളാണെങ്കിലും നിക്ഷേപശീലമുള്ളവര്‍ക്ക് ഭാവിഭദ്രമാണ്. പണം നഷ്ടപ്പെടുന്ന വഴികള്‍ അടയ്ക്കാത്തവരുടെ ഭാവി ആവിയാകാന്‍ ക്ഷണനേരം മതി എന്നതില്‍ സംശയമാര്‍ക്കു മില്ല. ഒരു കുടുംബത്തില്‍ ഒരു ബാങ്ക് അക്കൗണ്ട് എന്ന സര്‍ക്കാരിന്റെ പുതിയ പദ്ധതിയില്‍ പങ്കു ചേര്‍ന്നുകൊണ്ട് നമുക്കും ലോക നിക്ഷേപദിനം ഉത്സവമാക്കാം.
ഫാ. റോയി കണ്ണൻചിറ സിഎംഐ എഴുതിയ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്ത ഭാഗമാണിത്. പത്തുവർഷം കൊണ്ട് എഴുതിയ ബുക്കാണിത്. സാഹിതി ഇന്റർനാഷണലിന്റെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരം പ്രപഞ്ച മാനസത്തിന് ലഭിച്ചിട്ടുണ്ട്.
ഫാ. റോയി കണ്ണൻചിറ സിഎംഐയുടെ കൂടുതൽ രചനകൾ വായിക്കുന്നതിന് : https://cnewslive.com/author/15946/1