ടോക്കിയോ: ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ ജോക്കര്‍ വേഷത്തിലെത്തിയ 20 വയസുകാരന്‍ ട്രെയിനിനുള്ളില്‍ നടത്തിയ അക്രമണത്തില്‍ പത്തോളം പേര്‍ക്കു പരുക്കേറ്റു. കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. ലോകപ്രശസ്തമായ ബാറ്റ്മാന്‍ സിനിമയിലെ വില്ലന്‍ കഥാപാത്രം 'ജോക്കറിന്റെ' വേഷം ധരിച്ച യുവാവാണ് ട്രെയിന്‍ യാത്രക്കാരെ അക്രമിച്ചത്. ഹാലോവീന്‍ ആഘോഷങ്ങള്‍ക്കു പോകുകയായിരുന്ന ആളുകള്‍ക്കു നേരെയാണ് അക്രമമുണ്ടായത്.
നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ള കൊകുരിയോ സ്റ്റേഷന് സമീപമാണ് സംഭവം. പരുക്കേറ്റ 60 വയസുകാരന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്. സംഭവസ്ഥലത്തുവച്ചു തന്നെ പ്രതിയെ പോലീസ് പിടികൂടി. കത്തി ഉപയോഗിച്ച് ആക്രമിച്ച ഇയാള്‍ ട്രെയിനിനു തീയിട്ടു. അക്രമി ട്രെയിനില്‍ ഏതോ ദ്രാവകം ഒഴിക്കുകയും തൊട്ടുപിന്നാലെ തീപിടിത്തം ഉണ്ടാകുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. യാത്രക്കാര്‍ പരിഭ്രാന്തരായി ട്രെയിനില്‍നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതും തൊട്ടുപിന്നാലെ തീവ്രത കുറഞ്ഞ സ്ഫോടനവും തീപിടിത്തവും ഉണ്ടാകുന്നതും ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.
ട്രെയിന്‍ നിര്‍ത്തിയതിനു പിന്നാലെ ജനാല വഴി യാത്രക്കാര്‍ രക്ഷപെടാന്‍ ശ്രമിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. രാജ്യത്തെ പൊതു തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിച്ചു മണിക്കൂറുകള്‍ക്കകമാണു ട്രെയിനില്‍ അക്രമമുണ്ടായത്.
കത്തിയും വീശി യുവാവ് നടന്നുവരുന്നതു കണ്ടതായി ദൃക്‌സാക്ഷികളില്‍ ഒരാള്‍ രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. സംഭവത്തെ തുടര്‍ന്നു ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു. ഓഗസ്റ്റില്‍ ടോക്യോയില്‍ നടന്ന മറ്റൊരു ട്രെയിന്‍ ആക്രമണത്തില്‍ ഒന്‍പതു പേര്‍ക്കു പരുക്കേറ്റിരുന്നു. 2019ല്‍ ബസ് കാത്തുനിന്ന കുട്ടികള്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ ഒരു വിദ്യാര്‍ഥിനി കൊല്ലപ്പെട്ടിരുന്നു.