റോം / ഗ്ലാസ്‌ഗോ: കൃത്യമായ ലക്ഷ്യങ്ങള്‍ നിര്‍വചിക്കുന്നതിനും സമയ ബന്ധിതമായി കര്‍മ്മ പരിപാടികള്‍ നടപ്പാക്കുന്നതിനും വേണ്ടത്ര ഏകോപനം സാധ്യമാകാതെ റോമില്‍ നടന്ന ജി 20 ഉച്ചകോടി സമാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ 20 സമ്പദ്വ്യവസ്ഥകളുടെ നേതാക്കള്‍ 'കാലാവസ്ഥാ വ്യതിയാനത്തിന്റെ നിര്‍ണായകവും അടിയന്തിരവുമായ ഭീഷണി' നേരിടാന്‍ ആവര്‍ത്തിച്ചു സമ്മതിച്ചെങ്കിലും ആഗോള താപനം പരിമിതപ്പെടുത്തുന്നതിന് വ്യക്തമായ പ്രതിബദ്ധത വാഗ്ദാനം ചെയ്യുന്നതില്‍ വിജയിച്ചില്ലെന്ന പരിഭവം പരിസ്ഥിതി സ്‌നേഹികള്‍ പങ്കിടുന്നു.
ദരിദ്ര രാജ്യങ്ങളിലെ കല്‍ക്കരി കൊണ്ടു പ്രവര്‍ത്തിക്കുന്ന വൈദ്യുത നിലയങ്ങള്‍ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തുമെന്ന് ജി 20 നേതാക്കള്‍ പ്രതിജ്ഞയെടുത്തു. എന്നാല്‍ അത് സ്വന്തം ഇടങ്ങളില്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനുള്ള സമയക്രമം നിശ്ചയിച്ചിട്ടില്ല.
വ്യവസായവല്‍ക്കരണം
ശക്തിപ്പെടുന്നതിനു മുമ്പുള്ള ശരാശരിയേക്കാള്‍ ആഗോള താപനിലയിലെ വര്‍ദ്ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസ് ആയി പരിമിതപ്പെടുത്താന്‍ യോഗം സമ്മതിച്ചു. എന്നാല്‍ നൂറ്റാണ്ടിന്റെ മധ്യത്തോടെയെങ്കിലും 'സീറോ കാര്‍ബണ്‍ എമിഷന്‍' ലക്ഷ്യം നേടാനുള്ള അവ്യക്തമായ പ്രതിബദ്ധത മാത്രമാണുണ്ടായത്. സ്‌കോട്ട്ലന്‍ഡില്‍ ആരംഭിച്ച ഐക്യരാഷ്ട്രസഭയുടെ വിശാലമായ സി.ഒ.പി. 26 കാലാവസ്ഥാ ഉച്ചകോടിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുകയാണ് വലിയ ജോലികള്‍.
ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ജി 20 ഉച്ചകോടി വിജയമാണെന്ന് വിശേഷിപ്പിച്ചപ്പോള്‍, യു എന്‍ മേധാവിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും നിരാശ പ്രകടമാക്കി.ദുരന്തം ഒഴിവാക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്ന 1.5 ഡിഗ്രി പരിധിയില്‍ ആഗോളതാപനം പരിമിതപ്പെടുത്താനായേക്കുമെന്ന് ഡ്രാഗി അഭിപ്രായപ്പെട്ടു.'ഞങ്ങള്‍ക്ക് ഗോള്‍പോസ്റ്റുകള്‍ മാറ്റാന്‍ കഴിഞ്ഞു'- ഡ്രാഗി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജി 20 ഉച്ചകോടി സമാപിച്ചതിനു പിന്നാലെ, ആഗോളതാപനം തടയാന്‍ ശക്തമായ നടപടികള്‍ പ്രതീക്ഷിക്കുന്ന സി.ഒ.പി. 26 കാലാവസ്ഥാ സമ്മേളനത്തിന് സ്‌കോട്ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ തുടക്കമായി. നേര്‍ത്ത മഴയുടെ അകമ്പടിയോടെയാണ് ലോകം ഉറ്റുനോക്കുന്ന സി.ഒ.പി. 26 കാലാവസ്ഥാ സമ്മേളനത്തിന് തിരശീല ഉയര്‍ന്നത്. പാരീസ് ഉടമ്പടി പ്രകാരം 2030 ആവുമ്പോഴേക്കും കാര്‍ബണ്‍ വികിരണം കുറയ്ക്കാനുള്ള നടപടികള്‍ വിവിധ രാജ്യങ്ങള്‍ അവതരിപ്പിക്കും.
ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസില്‍ നിര്‍ത്താനുള്ള അവസാന പ്രതീക്ഷയാണ് സമ്മേളനമെന്ന് സി.ഒ.പി. 26 പ്രസിഡന്റ് അലോക് ശര്‍മ ഉദ്ഘാടനച്ചടങ്ങില്‍ പറഞ്ഞു. പാരീസില്‍ ഉറപ്പുനല്‍കിയത് ഗ്ലാസ്‌ഗോയില്‍ പ്രാവര്‍ത്തികമാക്കണം. ലോകം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാവി തലമുറയ്ക്കായി ലോകം കൈകോര്‍ക്കണമെന്ന് സമ്മേളനത്തില്‍ സംസാരിച്ച യു.എന്‍.എഫ്.സി.സി.സി എക്‌സിക്യുട്ടീവ് സെക്രട്ടറി പട്രീഷ്യ എസ്പിനോസ പറഞ്ഞു.
ആഗോളതാപനം തടയാനായില്ലെങ്കില്‍ ലോകത്തിന്റെ നിലനില്‍പ്പു തന്നെ അപകടത്തിലാവുമെന്ന് യു.എന്‍. ജനറല്‍ അസംബ്ലി പ്രസിഡന്റും മാള്‍ഡീവ്‌സ് വിദേശകാര്യ മന്ത്രിയുമായ അബ്ദുള്ള ഷാഹിദ് മുന്നറിയിപ്പു നല്‍കി.ഇരുനൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ വരുംദിവസങ്ങളില്‍ കാര്‍ബണ്‍ വികിരണം കുറയ്ക്കാന്‍ തയാറാക്കിയ പദ്ധതികള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. അതിനിടെ ആഗോളതാപനം കുറയ്ക്കാന്‍ രാഷ്ട്രനേതാക്കള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്‌കോട്‌ലന്‍ഡ് തലസ്ഥാനമായ എഡിന്‍ബര്‍ഗില്‍ പ്രതിഷേധവും അരങ്ങേറി.
കോവിഡ് മാനദണ്ഡങ്ങള്‍ ശക്തമായി പാലിച്ചാണ് സി.ഒ.പി. 26 നടത്തുന്നത്. ലോകരാഷ്ട്രങ്ങളുടെ തലവന്‍മാര്‍ക്കുമാത്രമായി പ്രത്യേക സോണും മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കായി മറ്റൊരു സോണും ഒരുക്കിയിട്ടുണ്ട്. ഒരു സോണിലുള്ളവര്‍ മറ്റൊരു സോണിലേക്ക് പോകുന്നതിന് കര്‍ശന നിയന്ത്രണമുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ റജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും ആവശ്യമെങ്കില്‍ വാക്്‌സിന്‍ നല്‍കാനും സംവിധാനമൊരുക്കി.