തിരുവനന്തപുരം: കൊച്ചിയില്‍ ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ വഴിതടയല്‍ സമരത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വഴി തടയല്‍ സമര രീതിയോട് താന്‍ വ്യക്തിപരമായി എതിരാണെന്ന് വ്യക്തമാക്കിയ സതീശന്‍ കൊച്ചിയിലെ പ്രതിഷേധ സമര സ്ഥലത്ത് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും അറിയിച്ചു.
ദിവസേനെ ഇന്ധന വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ വില വര്‍ധനയ്‌ക്കെതിരെ ശക്തമായ സമരം വേണമെന്ന സമ്മര്‍ദ്ദം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. അതിന്റെ ഭാഗമായിരുന്നു കൊച്ചിയില്‍ നടന്ന സമരം. എന്നാല്‍ വഴി തടയല്‍ സമരത്തിന് താന്‍ വ്യക്തിപരമായി എതിരാണെന്നായിരുന്നു സതീശന്റെ വിശദീകരണം.
കൊച്ചിയില്‍ ഇന്ധന വില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ വഴിതടയല്‍ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ്ജ് പ്രതികരിച്ചതോടെയാണ് സമരം വിവാദമായത്. രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചതോടെയാണ് ഗതാഗത കുരുക്കില്‍പ്പെട്ട ജോജു ജോര്‍ജ് വാഹനത്തില്‍ നിന്നിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്തത്.
സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ധന വില വര്‍ധനയ്‌ക്കെതിരെ സമരം ചെയ്യണമെന്നും എന്നാല്‍ ഇതല്ല അതിനുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു.