കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 'നെറ്റ് സീറോ': ഇന്ത്യയുടെ ലക്ഷ്യം 2070 എന്ന് പ്രധാനമന്ത്രി

 കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 'നെറ്റ് സീറോ': ഇന്ത്യയുടെ ലക്ഷ്യം 2070 എന്ന് പ്രധാനമന്ത്രി

ഗ്ലാസ്ഗോ : കാലാവസ്ഥാ വ്യതിയാനം ഇന്ത്യയ്ക്കും വെല്ലുവിളിയാണെന്നും 2070 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ രാജ്യം 'നെറ്റ് സീറോ' ലക്ഷ്യം കൈവരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗ്ലാസ്ഗോയില്‍ നടക്കുന്ന സി ഒ പി 26 ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2030 ഓടെ ഇന്ത്യ 50 ശതമാനവും പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജമായിരിക്കും ഉപയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനത്തെ നേരിട്ട രീതികള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. വരും തലമുറയ്ക്ക് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള അവബോധം ഇതിലൂടെ ഉണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള താപനം ലോകത്തിന് വെല്ലുവിളിയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം കര്‍ഷകര്‍ക്ക് സംഭവിക്കുന്ന നഷ്ടം നികത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഉജ്ജ്വല യോജന, ക്ലീന്‍ ഇന്ത്യ മിഷന്‍ തുടങ്ങിയ പദ്ധതികളിലൂടെ രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടെന്ന് ഉച്ചകോടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതില്‍ മറ്റ് രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഗ്ലാസ്ഗോയില്‍ എത്തിയ പ്രധാനമന്ത്രി മുന്‍പ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു. നേരത്തെ റോമില്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി ഗ്ലാസ്ഗോയില്‍ എത്തിയത്.

കാര്‍ബണ്‍ എമിഷന്റെ ആഘാതം നികത്തുന്ന രീതിയില്‍ അന്തരീക്ഷത്തില്‍ നിന്ന് ഹരിതഗൃഹ വാതകങ്ങളുടെ ആഗിരണമോ നീക്കം ചെയ്യലോ സാധ്യമാകുന്ന അവസ്ഥയാണ് നെറ്റ് സീറോ. ഹരിതഗൃഹ വാതകങ്ങള്‍ ആഗിരണംചെയ്യാന്‍ കൂടുതല്‍ വനങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും മറ്റുമാണ് ഇതു സാധ്യമാകുക. എന്നാല്‍, അന്തരീക്ഷത്തില്‍ നിന്ന് ഹരിതഗൃഹവാതകങ്ങള്‍ നീക്കം ചെയ്യാന്‍ കാര്‍ബണ്‍ ക്യാപ്ചറിനും സ്റ്റോറേജിനുമായി ഭാവി സാങ്കേതിക വിദ്യകള്‍ ആവശ്യമായി വരും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.