അബുദാബി: തകർത്തടിച്ച് ബെൻ സ്റ്റോക്സിന്റെയും സഞ്ജു സാംസണിന്റെയും ബാറ്റിങ് കരുത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെ തകർത്ത് രാജസ്ഥാൻ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. പഞ്ചാബ് ഉയർത്തിയ 186 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാൻ 17.3 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.
സ്റ്റോക്സ് ആണ് മാൻ ഓഫ് ദി മാച്ച്. 50 റൺസെടുത്ത സ്റ്റോക്സിന്റെയും 48 റൺസെടുത്ത സഞ്ജുവിന്റെയും കരുത്തിൽ അനായാസം രാജസ്ഥാൻ വിജയത്തിലെത്തി. ഈ തോൽവിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റു. ക്രിസ് ഗെയ്ലിന്റെ തകർപ്പൻ ബാറ്റിങ്ങിന്റെ ബലത്തിലാണ് പഞ്ചാബ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തത്. ഗെയ്ൽ 63 പന്തുകളിൽ നിന്നും 99 റൺസെടുത്തു.
ഗെയ്ലിന്റെയും ക്യാപ്റ്റൻ രാഹുലിന്റെയും ബാറ്റിങ് മികവിലാണ് പഞ്ചാബ് മികച്ച സ്കോർ കണ്ടെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബൗളിങ് തെരെഞ്ഞെടുത്ത പഞ്ചാബിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ മൻദീപ് സിങ്ങിനെ പുറത്താക്കി ജോഫ്ര ആർച്ചർ പഞ്ചാബിന് തകർച്ച സമ്മാനിച്ചു. പൂജ്യനായാണ് മൻദീപ് മടങ്ങിയത്. മൻദീപിന് പകരം ക്രീസിലെത്തിയത് ക്രിസ് ഗെയ്ലാണ്. മറ്റൊരു ഓപ്പണറായ രാഹുലും ഗെയ്ലും ചേർന്ന് സ്കോർ പതിയെ ഉയർത്തി. ഗെയ്ലിനെ പുറത്താക്കാനുള്ള മികച്ച അവസരം റിയാൻ പരാഗ് നഷ്ടപ്പെടുത്തി. പിന്നാലെ കത്തിക്കയറിയ ഗെയ്ൽ കാർത്തിക്ക് ത്യാഗിയെറിഞ്ഞ ഓവറിൽ തുടർച്ചായി മൂന്നു ബൗണ്ടറികൾ നേടി ഫോമിലേക്ക് കയറി.
പവർപ്ലേയിൽ ഇരുവരും ചേർന്ന് 53 റൺസ് നേടി. ഗെയ്ലിന് പിന്നാലെ രാഹുലും തകർത്ത് കളിക്കാൻ തുടങ്ങിയതോടെ രാജസ്ഥാൻ ബൗളർമാർ തളർന്നു. പിന്നാലെ ഗെയ്ൽ അർധസെഞ്ചുറിയും നേടി. താരത്തിന്റെ 31-ാം ഐ.പി.എൽ അർധശതകമാണ് ഇന്ന് പിറന്നത്. പിന്നാലെ ഗെയ്ലും രാഹുലും ചേർന്ന് രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി. ഇരുവരും 121 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. എന്നാൽ സ്റ്റോക്സ് ഇത് പൊളിച്ചു. 46 റൺസെടുത്ത രാഹുലിനെ പുറത്താക്കി സ്റ്റോക്സ് രാജസ്ഥാന് ആശ്വാസം പകർന്നു.
പിന്നാലെ നിക്കോളാസ് പൂരനാണ് ക്രീസിലെത്തിയത്. പൂരനും ആക്രമിക്കാൻ തുടങ്ങിയതോടെ രാജസ്ഥാന്റെ നില വീണ്ടും പരുങ്ങലിലായി. ഇരുവരും ചേർന്ന് സ്കോർ 150 കടത്തി. എന്നാൽ 10 പന്തുകളിൽ നിന്നും 22 റൺസെടുത്ത പൂരനെ പുറത്താക്കി സ്റ്റോക്സ് രണ്ടാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. പിന്നാലെ സെഞ്ചുറിയിലേക്ക് കുതിച്ച ഗെയ്ലിനെ 99-ൽ പുറത്താക്കി ആർച്ചർ രാജസ്ഥാന് നാലാം വിക്കറ്റ് സമ്മാനിച്ചു.
ഇന്നത്തെ മത്സരത്തിലൂടെ ഗെയ്ൽ ആകെ ട്വന്റി 20 മത്സരങ്ങളിൽ നിന്നുമായി 1000 സിക്സുകൾ നേടി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ഗെയ്ൽ. രാജസ്ഥാന് വേണ്ടി ആർച്ചറും സ്റ്റോക്സും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി മികച്ച തുടക്കമാണ് ബെൻ സ്റ്റോക്സും റോബിൻ ഉത്തപ്പയും ചേർന്ന് നൽകിയത്. സ്റ്റോക്സ് ആയിരുന്നു കൂടുതൽ അപകടകാരി. ഇരുവരും ചേർന്ന് 4.2 ഓവറിൽ സ്കോർ 50 കടത്തി. വലിയ വിജയം നേടിയാൽ മാത്രമേ ടൂർണമെന്റിൽ സാധ്യതയുള്ളൂ എന്നതിനാൽ ആക്രമിച്ചുകളിക്കുകയായിരുന്നു സ്റ്റോക്സ്.
ഉത്തപ്പ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിച്ചു. ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. പിന്നാലെ 25 പന്തുകളിൽ നിന്നും സ്റ്റോക്സ് അർധസെഞ്ചുറി കണ്ടെത്തി. എന്നാൽ തൊട്ടടുത്ത പന്തിൽ സ്റ്റോക്സിനെ മടക്കി ക്രിസ് ജോർദൻ കളി പഞ്ചാബിന് അനുകൂലമാക്കി. പിന്നാലെ ക്രീസിലെത്തിയ സഞ്ജു തകർപ്പൻ ഇന്നിങ്സ് പുറത്തെടുത്തതോടെ സ്കോർ 100 കടന്നു. 9.3 ബോളിലാണ് രാജസ്ഥാൻ 100 കടന്നത്. എന്നാൽ സ്കോർ 111 ലെത്തിയപ്പോൾ 30 റൺസെടുത്ത ഉത്തപ്പയെ പുറത്താക്കി അശ്വിൻ വീണ്ടും കളി പഞ്ചാബിന് അനുകൂലമാക്കി. പിന്നീട് ക്രീസിലെത്തിയത് ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്താണ്. ഉത്തപ്പ മടങ്ങിയപ്പോൾ ആക്രമണച്ചുമതല സഞ്ജു ഏറ്റെടുത്തു.
എന്നാൽ സ്കോർ 145-ൽ നിൽക്കെ സഞ്ജുവിനെ റൺ ഔട്ടാക്കി പഞ്ചാബ് കളിയിൽ ആധിപത്യം സ്ഥാപിച്ചു. അനാവശ്യ റണ്ണിന് ശ്രമിച്ച സഞ്ജു 25 പന്തുകളിൽ നിന്നും 48 റൺസെടുത്താണ് പുറത്തായത്. പിന്നീട് ഒത്തുചേർന്ന സ്മിത്തും ബട്ലറും ചേർന്ന് അനായാസം ടീമിനെ വിജയത്തിലെത്തിച്ചു. സ്മിത്ത് 31 റൺസും ബട്ലർ 22 റൺസും നേടി പുറത്താവാതെ നിന്നു.