ലോകത്തെ ആദ്യത്തെ സൗജന്യ വീഡിയോ ബൈബിള്‍ ഉടന്‍

ലോകത്തെ ആദ്യത്തെ സൗജന്യ വീഡിയോ ബൈബിള്‍ ഉടന്‍

ഒപെലികാ: തൊണ്ണൂറ് മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന വീഡിയോ രൂപത്തിലുള്ള ലോകത്തെ ആദ്യത്തെ സൗജന്യ ബൈബിളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. യേശുവിന്റെ വചനം ലോകമെമ്പാടും പ്രഘോഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന 'ദി വീഡിയോ ബൈബിള്‍' എന്ന പ്രേഷിത സംഘടനയാണ് ലോകത്തെ ആദ്യത്തെ സൗജന്യ വീഡിയോ-ഓഡിയോ ബൈബിള്‍ പുറത്തിറക്കുന്നത്.

ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ യുവതീയുവാക്കള്‍, പ്രായമായവര്‍, വിദ്യാഭ്യാസമില്ലാത്തവര്‍, എഴുതുവാനും വായിക്കുവാനും ബുദ്ധിമുട്ടനുഭവപ്പെടുന്നവര്‍, വൈകല്യമുള്ളവര്‍ തുടങ്ങിയവര്‍ക്ക് മനസിലാക്കുവാന്‍ കഴിയുന്ന തരത്തില്‍ യേശുവിന്റെ സുവിശേഷങ്ങളെ വീഡിയോ-ഓഡിയോ രൂപത്തില്‍ പങ്കുവെക്കുക എന്നതാണ് വീഡിയോ ബൈബിള്‍ ലക്ഷ്യം വെക്കുന്നത്.

യാക്കോബിന്റെ പുസ്തകത്തില്‍ നിന്നും ആരംഭിക്കുന്ന വീഡിയോ ബൈബിള്‍ പൊതുജനങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ കൊണ്ടാണ് തയ്യാറാക്കുന്നത്. ഫിലിപ്പീയര്‍ക്കു എഴുതിയ ലേഖനം അടക്കമുള്ള വിവിധ പുസ്തകങ്ങളിലൂടെ മുന്നേറി പുതിയ നിയമത്തിന്റെ ബാക്കി ഭാഗങ്ങളിലൂടെ പുരോഗമിക്കുന്ന വീഡിയോ ബൈബിള്‍ യേശുവിന്റെ വരവിനെ കുറിച്ച് വിവരിക്കുന്ന പഴയ നിയമ പുസ്തകങ്ങളില്‍ അവസാനിക്കുന്ന രീതിയിലാണ് തയ്യാറാക്കുന്നത്.

ലോകമെമ്പാടുമായി 60 കോടിയിലധികം ഉപയോക്താക്കളുള്ള 'യു വേര്‍ഷന്‍' ബൈബിള്‍ ആപ്പിന്റേയും 1.6 കോടി വാര്‍ഷിക സന്ദര്‍ശകരുള്ള 'ദി ഗോസ്പല്‍ കൊയാളിഷന്‍' എന്ന വെബ്‌സൈറ്റിന്റെയും, മാക്‌സ് മക്ലീന്റെ ഓഡിയോ ബൈബിള്‍ 'ബിബ്ലിക്കാ'യുടേയും സഹകരണത്തോടെയാണ് ലോകത്തെ ആദ്യത്തെ വീഡിയോ ബൈബിള്‍ ജനങ്ങളിലേക്കെത്തുന്നത്.

ഇതിനു പുറമേ വചന പ്രഘോഷകരുടെയും ബൈബിള്‍ പ്രസാധകരുടേയും കലാകാരന്‍മാരുടേയും ദൈവ ശാസ്ത്രജ്ഞരുടേയും പിന്തുണയും വീഡിയോ ബൈബിളിനുണ്ട്. ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബിലൂടെ ഏവര്‍ക്കും ഈ ബൈബിള്‍ കാണാനും കേള്‍ക്കുവാനും സാധിക്കും.

യേശുവിന്റെ സുവിശേഷം പ്രചരിപ്പിക്കുന്നതില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ സംരഭത്തിനായി തങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ നല്‍കാമെന്നും ദി വീഡിയോ ബൈബിളിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.