മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ കത്തോലിക്ക വൈദികന് വെടിയേറ്റു. ടബാസ്കോ രൂപതയിലെ വില്ലഹെർമോസയിലുള്ള സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ഇടവക വികാരി ഫാ. ഹെക്ടർ അലജാൻഡ്രോ പെരെസെക്കാണ് വെടിയേറ്റത്.
ജൂണ്‍ 30 പ്രാദേശിക സമയം ഏകദേശം 5.45ന് രോഗിയായ ഇടവകാംഗത്തെ സന്ദർശിക്കാൻ പോകുന്നതിനിടെയാണ് ഫാ. ഹെക്ടർ അലജാൻഡ്രോക്ക് വെടിയേറ്റത്. നാല് തവണ വെടിയേറ്റ വൈദികന്റെ ആരോഗ്യനില ഗുരുതരമാണ്.
അക്രമി ആളുമാറി വെടിവെച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വലിയ രീതിയില്‍ രക്തം വാര്‍ന്നതും ആന്തരിക മുറിവുകളുടെ സങ്കീർണതയും കാരണം വൈദികന്റെ സ്ഥിതി ഗുരുതരമാണെന്നും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.
വൈദികന്റെ സൗഖ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ബിഷപ്പ് ജെറാർഡോ റോജാസ് ലോപ്പസ് അഭ്യര്‍ത്ഥിച്ചു. മെക്സിക്കൻ മെത്രാന്‍ സമിതിയും അക്രമത്തെ അപലപിച്ചു. ഫാ. ഹെക്ടർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിന് കന്യകാമറിയത്തിന്റെ മാധ്യസ്ഥത്തിന് ഏല്‍പ്പിക്കുകയാണെന്ന് മെക്സിക്കൻ മെത്രാന്‍ സമിതി പ്രസ്താവിച്ചു.
90 ശതമാനത്തിലധികം ക്രൈസ്തവ വിശ്വാസികളുള്ള മെക്‌സിക്കോയില്‍ ക്രൈസ്തവ പുരോഹിതരുടെ ജീവന് പോലും ഭീഷണി നേരിടുന്ന വിധത്തില്‍ മാഫിയ സംഘങ്ങള്‍ ഇപ്പോഴും സജീവമാണെന്ന് ഫാ. ഹോക്ടറിന് നേരെ നടന്ന ആക്രമണം വ്യക്തമാക്കുന്നു. 2006 മുതല്‍ കുറഞ്ഞത് 52 വൈദികകര്‍ മെക്‌സിക്കോയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.