വത്തിക്കാൻ സിറ്റി: ക്രൈസ്തവ സഭകൾ തമ്മിൽ ശാശ്വതമായ ഐക്യത്തിന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. ശ്ലീഹന്മാർ പങ്കുപറ്റിയ രക്തസാക്ഷിത്വത്തിലും മാനസാന്തരത്തിലേക്കു നയിക്കുന്ന ക്ഷമയുടെ ശക്തിയിലുമാണ് ക്രിസ്തീയ ഐക്യം അധിഷ്ഠിതമായിരിക്കുന്നതെന്നും മാർപാപ്പാ പറഞ്ഞു.
വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനത്തിൽ ത്രികാലജപ പ്രാർഥനയോടനുബന്ധിച്ച് വചന സന്ദേശം നൽകുകയായിരുന്നു പാപ്പാ. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒരുമിച്ചുകൂടിയ വിശ്വാസികളെയും തീർത്ഥാടകരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രസംഗം ആരംഭിച്ച പാപ്പാ, ക്രിസ്തീയ ഐക്യം, മാനസാന്തരം, രക്തസാക്ഷിത്വം എന്നിവയാണ് മുഖ്യ ചിന്താവിഷയങ്ങളാക്കിയത്.
ശ്ലീഹന്മാരായ പത്രോസിന്റെയും പൗലോസിന്റെയും സാക്ഷ്യത്തിലും രക്തത്തിലുമാണ് റോമിലെ സഭ വേരുറപ്പിച്ചിരിക്കുന്നതെന്ന് മാർപാപ്പ പറഞ്ഞു. ക്രിസ്തുവിലുള്ള വിശ്വാസത്തിനു വേണ്ടി കഷ്ടതകൾ അനുഭവിക്കുകയും മരണം വരികയും ചെയ്യുന്ന ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഇന്നും തുടരുന്ന ത്യാഗം ഈ ശ്ലീഹന്മാരുടെ പൈതൃകത്തോടു ബന്ധപ്പെട്ടിരിക്കുന്നതായും പാപ്പാ കൂട്ടിച്ചേർത്തു.
'രക്തസാക്ഷിത്വത്തിൽ അടിസ്ഥാനമിട്ട ഒരു ക്രിസ്തീയ ഐക്യത്തെക്കുറിച്ച് നമുക്കു സംസാരിക്കാം' - പാപ്പാ പറഞ്ഞു. സഭകൾ തമ്മിലുള്ള ദൈവശാസ്ത്രപരമായ കരാറുകളാൽ മാത്രമല്ല ഈ ഐക്യം രൂപപ്പെടേണ്ടത് മറിച്ച്, സഭാ വ്യത്യാസമില്ലാതെ വിശ്വാസികൾ ഭാഗഭാക്കാകുന്ന സഹനത്തിലൂടെയുമാണ് അത് രൂപപ്പെടേണ്ടതെന്ന് പരിശുദ്ധ പിതാവ് വ്യക്തമാക്കി.
പൂർണമായ കൂട്ടായ്മ എന്ന ലക്ഷ്യത്തിലെത്താനായില്ലെങ്കിൽപോലും ക്രൈസ്തവ സഭകൾക്കിടയിലുള്ള അദൃശ്യവും ആഴമേറിയതുമായ ഐക്യമാണ് തന്റെ ശ്ലൈഹിക ദൗത്യത്തിൻ്റെ കാതലായി താൻ പരിഗണിക്കുന്നതെന്ന് ലിയോ പാപ്പാ പറഞ്ഞു. വിശുദ്ധ പത്രോസും പൗലോസും ചിന്തിയ രക്തമാണ് എല്ലാ സഭകളുടെയും കൂട്ടായ്മയെ സ്നേഹത്തിൽ ശുശ്രൂഷിക്കാൻ റോമിലെ സഭയെ പ്രതിജ്ഞാബദ്ധമാക്കുന്നതെന്നും മാർപാപ്പ എടുത്തുപറഞ്ഞു.
യേശു യഥാർത്ഥ ശില
സുവിശേഷ വായനയിൽ പത്രോസാകുന്ന അടിസ്ഥാനത്തിൻമേൽ പണിതുയർത്തപ്പെട്ട സഭയെക്കുറിച്ചാണ് നാം കേട്ടത്. എന്നാൽ, യേശുവാണ് യഥാർത്ഥമായ അടിസ്ഥാനശില. പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞതും ദൈവം മൂലക്കല്ലാക്കിയതും യേശുവിനെയാണ്. ഇന്ന് മഹനീയമായ ദേവാലയങ്ങളായ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും ബസിലിക്കകൾ 'മതിലിനു പുത്തുള്ള' എന്ന പരമ്പരാഗത പദപ്രയോഗത്തിലൂടെയാണ് അറിയപ്പെട്ടിരുന്നത്. അതുപോലെ
ലോകം നിസാരമെന്നു കരുതുന്ന സ്ഥലങ്ങളിലാണ് സുവിശേഷം പലപ്പോഴും മഹത്വമാർജിക്കുന്നതെന്ന് പാപ്പ വിശദീകരിച്ചു.
ക്രിസ്തുവിനെ അനുഗമിക്കുന്നവരുടെ പാത ഒരേസമയം കഷ്ടതകൾ നിറഞ്ഞതും മഹത്വപൂർണ്ണവുമാണ്. ആത്മാവിന്റെ ദാരിദ്ര്യം, സൗമ്യത, നീതിക്കുവേണ്ടിയുള്ള ദാഹം എന്നീ പുണ്യങ്ങൾ പലപ്പോഴും എതിർപ്പുകൾ നേരിടേണ്ടി വരുന്നവയാണ്. എന്നിരുന്നാലും, ദൈവ മഹത്വം വെളിപ്പെടുത്തുന്നത് ഈ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ്. അതിലൂടെ സഞ്ചരിക്കുന്നവരിൽ ദൈവ മഹത്വം പ്രകാശിക്കുകയും അവർ രൂപാന്തരപ്പെടുകയും ചെയ്യുന്നു.
വിശുദ്ധി പാപമോചനത്തിലൂടെ
വിശുദ്ധി ഉളവാകുന്നത് പരിപൂർണതയിൽ നിന്നല്ല മറിച്ച് ക്ഷമയിൽ നിന്നാണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. അപ്പോസ്തോല പ്രമുഖന്മാരായി ആദരിക്കപ്പെടുന്നവരുടെ തെറ്റുകളും സംഘർഷങ്ങളും പാപങ്ങളും പുതിയ നിയമം മറച്ചുവയ്ക്കുന്നില്ല. ക്ഷമയിലൂടെയും പാപമോചനത്തിലൂടെയുമാണ് അവരുടെ മഹത്വം വെളിപ്പെട്ടത്. പത്രോസിനെയും പൗലോസിനെയും ക്രിസ്തു വീണ്ടും വീണ്ടും കരം പിടിച്ചുയർത്തിയതുപോലെ നാമോരോരുത്തരെയും അവിടുന്ന് ആവർത്തിച്ച് വിളിക്കുന്നു.അതിനാൽ നമുക്ക് പ്രത്യാശക്ക് വകയുണ്ട്. ഈ ജൂബിലി തന്നെ പ്രത്യാശയുടെ ഓർമ്മപ്പെടുത്തലാണല്ലോ - പാപ്പാ പറഞ്ഞു.
കുടുംബത്തിലും പ്രാദേശിക കൂട്ടായ്മകളിലും ആരംഭിക്കുന്ന ഐക്യത്തിന്റെ ശില്പികളാകാൻ പരിശുദ്ധ പിതാവ് വിശ്വാസികളേവരോടും ആഹ്വാനം ചെയ്തു. സഭയ്ക്കുള്ളിലും സഭകൾ തമ്മിലുമുള്ള ഐക്യം വളർത്തിയെടുക്കേണ്ടത് ക്ഷമയിലൂടെയും പരസ്പര വിശ്വാസത്തിലൂടെയുമാണ്. യേശു നമ്മിൽ വിശ്വാസമർപ്പിച്ചെങ്കിൽ അവിടുത്തെ നാമത്തിൽ പരസ്പരം വിശ്വസിക്കാനും നമുക്കു സാധിക്കണം.
മുറിവുകളും ഭിന്നതകളും നിറഞ്ഞ ഇന്നത്തെ ലോകത്തിൽ, സഭയെ കൂട്ടായ്മയുടെ ഒരു 'ഭവനവും പാഠശാലയും' ആക്കിത്തീർക്കാൻ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും സഹായം യാചിച്ചുകൊണ്ട് ലിയോ മാർപാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചു.