മാലിയില്‍ തൊഴിലാളികളായ മൂന്ന് ഇന്ത്യക്കാരെ മുസ്ലീം ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോയി; ജാഗ്രതാ നിര്‍ദേശം

മാലിയില്‍ തൊഴിലാളികളായ മൂന്ന് ഇന്ത്യക്കാരെ മുസ്ലീം ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോയി; ജാഗ്രതാ നിര്‍ദേശം

ബമാകോ: മാലിയിലെ കയേസില്‍ നിന്ന് മൂന്ന് ഇന്ത്യക്കാരെ അല്‍ ക്വയ്ദയുമായി ബന്ധമുള്ള ഭീകരര്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. കയേസിലുള്ള ഡയമണ്ട് സിമന്റ് ഫാക്ടറിയിലെ തൊഴിലാളികളെയാണ് തോക്കുകളുമായി എത്തിയ സംഘം തട്ടിക്കൊണ്ടു പോയത്.

അല്‍ ക്വയ്ദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജമാഅത്ത് നുസ്രത് അല്‍ ഇസ്ലാം വല്‍ മുസ്ലിമിന്‍ (ജെഎന്‍ഐഎം) എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ അപലപിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം, കാണാതായ തൊഴിലാളികളുടെ സുരക്ഷിതമായ വിടുതലിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മാലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ആയുധധാരികളായ ഒരുസംഘം ഫാക്ടറി പരിസരത്ത് അതിക്രമിച്ച് കയറുകയും മൂന്ന് ഇന്ത്യന്‍ പൗരമാരെ ബലമായി പിടിച്ചുകൊണ്ട് പോവുകയുമായിരുന്നു. ഇന്ത്യക്കാര്‍ക്ക് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുന്നതിന് ആവശ്യമായ എല്ലാ നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മാലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് ബമാകോയിലെ ഇന്ത്യന്‍ എംബസി മാലി അധികൃതരുമായും ഡയമണ്ട് ഫാക്ടറി മാനേജ്മെന്റുമായും നിരന്തരമായി ബന്ധപ്പെടുന്നുണ്ട്. ബന്ദികളാക്കിയ തൊഴിലാളികളുടെ വീട്ടുകാരുമായും കേന്ദ്ര സര്‍ക്കാര്‍ ആശയ വിനിമയം നടത്തി. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. മാലിയിലെ എല്ലാ ഇന്ത്യക്കാരും ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.